ഖമനേയിയുടെ ഉപദേശകനും പ്രതിരോധമന്ത്രിയും അടക്കം 7 ബുദ്ധികേന്ദ്രങ്ങളെ തുടച്ചുനീക്കിയെന്ന് ഇസ്രയേൽ സേന

ടെൽ അവീവ്: ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഇറാനിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനും സുരക്ഷാ ഉപദേശകനുമായ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) കമാൻഡർ മുഹമ്മദ് പാക്പുർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ തുടങ്ങിയ പ്രമുഖർ കൊല്ലപ്പെട്ടന്നാണ് ഐഡിഎഫിന്റെ അവകാശവാദം.
ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖർ തെഹ്‌റാനിലെ രണ്ട് സ്ഥലങ്ങളിലായി യോഗം ചേർന്നത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും അതിന് പിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും ഇസ്രയേൽ പറയുന്നു. ശനിയാഴ്ച്ച രാവിലെയായിരുന്നു ഈ 'സർപ്രൈസ്' ആക്രമണമെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.
കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്ന പ്രധാന നേതാക്കൾ
അലി ഷംഖാനി- മുൻ ഐആർജിസി നാവികസേനാ മേധാവി, മുൻ ഇറാനിയൻ സൈനിക തലവൻ, അലി ഖമനേയിയുടെ പ്രധാന ഉപദേശകൻ. കഴിഞ്ഞ ജൂണിലെ സംഘർഷത്തിനിടെ ഇസ്രായേൽ ഷംഖാനിയെ ലക്ഷ്യമിട്ടിരുന്നു.
മുഹമ്മദ് പക്പുർ: ഐആർജിസി കമാൻഡർ. 'ഇസ്രായേലിനെ നശിപ്പിക്കാനുള്ള ഇറാന്റെ പദ്ധതി'ക്ക് പക്പുർ മേൽനോട്ടം വഹിച്ചുവെന്നും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കും ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്താനും പാക്പുർ നിർദേശം നൽകിയെന്നും ഐഡിഎഫ് പറയുന്നു.
അസീസ് നസീർസാദ: ഇറാന്റെ പ്രതിരോധ മന്ത്രി, മുൻ വ്യോമസേനാ മേധാവി, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്. ദീർഘദൂര മിസൈലുകളും ആയുധങ്ങളും നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും ആണവ പദ്ധതിക്കും മേൽനോട്ടം വഹിച്ചത് നസീർസാദയാണെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.
സലാഹ് അസദി: ഇറാൻ സേനയുടെ ചീഫ് ഓഫ് ഇന്റലിജൻസ്, ഇറാന്റെ സായുധസേനയിലെ സീനിയർ ഇന്റലിജൻസ് ഓഫീസർ
മുഹമ്മദ് ഷിറാസി: 1989 മുതൽ അലി ഖമനേയിയുടെ മിലിട്ടറി ബ്യൂറോ ചീഫ്, ഇറാനിയൻ സൈനിക ശ്രേണിയിലെ പ്രധാനപ്പെട്ട വ്യക്തി, മുതിർന്ന സായുധസേന കാമൻഡർമാർക്കും നേതാക്കൻമാർക്കും ഇടയിൽ മധ്യസ്ഥത വഹിച്ചത് ഷിറാസിയാണ്.
ഹൊസൈൻ ജബൽ-അമേലിയൻ: ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ ഏജൻസിയായ എസ്പിഎൻഡിയുടെ ചെയർമാൻ. ഇറാനുവേണ്ടി നൂതന സാങ്കേതികവിദ്യകളും ആയുധങ്ങളും വികസിപ്പിക്കുന്നതിൽ പങ്കാളി.
റെസ മൊസഫാരി-നിയ: എസ്പിഎൻഡിയുടെ മുൻ ചെയർമാൻ, ഇറാന്റെ ആണവ ആയുധ വികസന ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ചു.
Content Highlights: idf claims irans top officials including khameneis advisor were killed