ഒക്ടോബർ ഏഴിലെ ആക്രമണം: മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ച് ഇസ്രയേൽ

ജറുസലേം: 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കടുത്ത പരാജയങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനയിലെ (ഐഡിഎഫ്) മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൈനിക ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഐഡിഎഫ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, ലെഫ്റ്റനന്റ് ജനറൽ എയാൽ സമീർ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമാണ് ഐഡിഎഫ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സമഗ്രമായ അന്വേഷണങ്ങൾക്കൊടുവിലാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് ഓപ്പറേഷണൽ, ഇന്റലിജൻസ് ചുമതല വഹിച്ചവരിൽ ആരോൺ ഹലിവ, ഒഡെഡ് ബാസ്യുക്, യാരോൺ ഫിങ്കൽമാൻ എന്നീ മേജർ ജനറൽമാരെ റിസർവ് സേവനത്തിൽ നിന്ന് നീക്കം ചെയ്തു. എയർഫോഴ്‌സ് കമാൻഡർ മേജർ ജനറൽ തോമർ ബാർ, നേവി കമാൻഡർ വൈസ് അഡ്മിറൽ ഡേവിഡ് സാർ സലാമ, മേജർ ജനറൽ ഷ്‌ലോമി ബിൻഡർ എന്നിവർക്ക് താക്കീതുകൾ നൽകി. മറ്റ് നിരവധി ബ്രിഗേഡിയർ ജനറൽമാരെയും കേണൽമാരെയും റിസർവ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയോ നിർബന്ധിത വിരമിക്കലിന് നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്.
ഹമാസും ഗാസ ആസ്ഥാനമായുള്ള മറ്റ് ഭീകരവാദികളും ഇസ്രയേലിൽ നടത്തിയ ഒക്ടോബർ ഏഴിലെ ആക്രമണമാണ് പിന്നീട് പശ്ചിമേഷ്യയെ തന്നെ വലച്ച യുദ്ധത്തിന് വഴിതുറന്നത്. ഹമാസിന്റെ ആക്രമണത്തിൽ 1,200-ൽ അധികം ഇസ്രയേലികൾ കൊല്ലപ്പെട്ടു. കൂടാതെ, ഏകദേശം 240 പേരെ ബന്ദികളാക്കി ഗാസയിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇന്റലിജൻസ്, സേനയുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ, കമാൻഡ് എന്നിവയിലെ വലിയ പരാജയങ്ങളാണ് ഇത്തരമൊരു ആക്രമണം തടയാൻ സാധിക്കാതിരുന്നതിന് പിന്നിലെന്ന് സമീർ വ്യക്തമാക്കി. ഇസ്രയേൽ പൗരന്മാരെ സംരക്ഷിക്കുക എന്ന ഐഡിഎഫിന്റെ പ്രാഥമിക ദൗത്യം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളോളം താൻ തോളോടുതോൾ ചേർന്ന് പോരാടിയ ആളുകൾക്കെതിരെ ഇത്തരമൊരു തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ നേരിടുന്ന പല ഉദ്യോഗസ്ഥരും കഴിഞ്ഞ രണ്ട് വർഷമായി ഇസ്രയേലിനെ സുപ്രധാന യുദ്ധകാല നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും സമീർ പറഞ്ഞു. നമ്മുടെ കമാൻഡർമാരെ ദുർബലപ്പെടുത്തുന്ന ഒരു രാജ്യമാകരുത് നമ്മളെന്ന് ഓർമ്മപ്പെടുത്തിയ അദ്ദേഹം പതിറ്റാണ്ടുകളായി രാജ്യത്തെ സേവിച്ചവരെ അപകീർത്തിപ്പെടുത്തുന്ന സാമൂഹിക പ്രവണതയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി. സത്യത്താൽ നയിക്കപ്പെട്ട് ഉത്തരവാദിത്വത്തോടും ദൗത്യത്തോടുള്ള ഉറച്ച അർപ്പണബോധത്തോടും കൂടി താൻ ഐഡിഎഫിനെ തുടർന്നും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Israel`s Chief of Staff announces sweeping command measures against IDF officers for October 7th failures. Deep reflection and accountability for systemic breakdowns.