'ഇന്ത്യയോട് എനിക്ക് വലിയൊരു കടപ്പാടുണ്ട്'; ഭാര്യ സാറയുമായുള്ള ആദ്യ ഡേറ്റിനെക്കുറിച്ച് നെതന്യാഹു

ജെറുസലേം: ഭാര്യ സാറയുമായുള്ള തന്റെ പ്രണയകഥയിൽ ഇന്ത്യക്ക് ഒരു പ്രധാന സ്ഥാനമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ചത്.
ഭാരതത്തോടും ഇന്ത്യൻ ഭക്ഷണത്തോടുമുള്ള തന്റെ പ്രത്യേക താൽപര്യത്തെക്കുറിച്ച് സംസാരിക്കവെയാണ്, ഇന്ത്യയോട് തനിക്ക് വ്യക്തിപരമായി വലിയൊരു കടപ്പാടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 'ഞാൻ സാറയെ ആദ്യമായി കണ്ടുമുട്ടിയ സമയത്ത്, ഞങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ ഡേറ്റ് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു.' അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
'അവിടുത്തെ ഭക്ഷണം വളരെ നല്ലതായിരുന്നു.' നെതന്യാഹു പറഞ്ഞു. സാറയ്ക്ക് ആദ്യമായി ഇന്ത്യൻ ഭക്ഷണം പരിചയപ്പെടുത്തിക്കൊടുത്തത് ആ കൂടിക്കാഴ്ചയിലായിരുന്നു എന്നും, ആ ഡേറ്റ് വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിലെ 'കറി ക്വീൻ' എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ വംശജയായ ഷെഫ് റീന പുഷ്‌കർണയാണ് ഈ റെസ്റ്റോറന്റ് നടത്തിയിരുന്നത്.
ഇസ്രായേലിൽ ആധികാരിക ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച റീന പുഷ്‌കർണ തന്നെയാണ് പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിലെ പാചക ചുമതലകളും നിർവ്വഹിച്ചത്. മുൻപ് 2017-ൽ പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴും നെതന്യാഹു തന്റെ ഈ ഇന്ത്യൻ ഡേറ്റിനെക്കുറിച്ച് അനുസ്മരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് ഇസ്രായേൽ നൽകുന്നത്. നെതന്യാഹുവും ഭാര്യയും നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ സ്വീകരിച്ചത്. ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സൈനിക സാമഗ്രികളുടെ സംയുക്ത ഉൽപ്പാദനത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.
പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദിയും പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി.
Content Highlights: Israeli PM Benjamin Netanyahu credits an Indian restaurant for a successful first date with his wife, Sara. He humorously stated he owes a 'great personal debt' to India for this reason. The restaurant was run by celebrated Indian-origin chef Reena Pushkarna. This personal anecdote was shared during a joint press statement with PM Narendra Modi, highlighting warm bilateral ties.