തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി, യുക്രൈനുമായുള്ള യുദ്ധത്തിനിടെ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

റഷ്യൻ സൈനിക വേഷത്തില്‍ നില്‍ക്കുന്ന മുഹമ്മദ് അസ്ഫാന്റെ ചിത്രവുമായി  സഹോദരൻ മുഹമ്മദ് ഇമ്രാന്‍ | Photo :AFP
റഷ്യൻ സൈനിക വേഷത്തില്‍ നില്‍ക്കുന്ന മുഹമ്മദ് അസ്ഫാന്റെ ചിത്രവുമായി സഹോദരൻ മുഹമ്മദ് ഇമ്രാന്‍ | Photo :AFP

മോസ്‌കോ: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി, യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരബാദ് സ്വദേശി മുഹമ്മദ് അസ്ഫാന്‍ (30) ആണ് മരിച്ചത്.  അസ്ഫാന്റെ മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

ഉയര്‍ന്ന ശമ്പളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞാണ് അസ്ഫാനെ പന്ത്രണ്ടോളംപേര്‍ക്കൊപ്പം റഷ്യയിലെത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മോസ്‌കോയിലെത്തിയത്. അവിടെ എത്തിയപ്പോള്‍ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

അസ്ഫാനെ റഷ്യയില്‍നിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എം.പി അസദുദ്ദീന്‍  ഒവൈസിയെ കണ്ടിരുന്നു. റഷ്യന്‍ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയും ചെയ്തിരുന്നു.

വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 29 ന് പുറത്ത് വിട്ട കണക്കു പ്രകാരം റഷ്യന്‍ സൈന്യത്തിന്റെ സഹായികളായി 20 ഓളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കള്‍ യുദ്ധമേഖലയായ യുക്രൈയിന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Content Highlights: Hyderabad man killed while fighting in Russia-Ukraine war