സൗദി പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂതികൾ; തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്നും വാദം

റിയാദ്: റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന വാദവുമായി ഹൂതികൾ. റിയാദിലെ പ്രതിരോധ മന്ത്രാലയത്തെയാണ് തങ്ങളുടെ സായുധസേന ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. തങ്ങളുടെ ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും ഇവർ അവകാശപ്പെട്ടു. ഹൂതികളുടെ രണ്ട് മിസൈലുകൾ വിജയകരമായി തടുത്തെന്ന സൗദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഹൂതികളുടെ അവകാശവാദം.
പ്രതിരോധ മന്ത്രാലയത്തിന് പുറമെ സൗദിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. നജ്റാൻ വിമാനത്താവളത്തിലും ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയർബേസിലുമുണ്ടായിരുന്ന രണ്ട് സൈനിക വിമാനങ്ങളെ തങ്ങൾ ആക്രമിച്ചെന്ന് ഹൂതി വക്താവ് അറിയിച്ചു.
കൂടാതെ, ബാബ് എൽ-മന്ദേബ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ സൗദി അനുകൂല സേനയുടെ മുന്നേറ്റത്തെ ചെറുത്തുതോൽപ്പിച്ചതായും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും ഹൂതികൾ അവകാശപ്പെട്ടു. ചൊവ്വാഴ്ച റിയാദിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സൗദിയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഈ ആക്രമണത്തിൽ ശുദ്ധീകരണ ശാലയിൽ തീപിടുത്തമുണ്ടായതായി ഹൂതികൾ പറഞ്ഞെങ്കിലും സൗദി അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: Yemen's Houthi movement claims ballistic missile attack on Saudi Defense Ministry in Riyadh., Loud explosions reported in Riyadh by AFP., Houthis also claim attack on Ras Tanura oil refinery causing a fire., Saudi authorities have not confirmed the Ras Tanura refinery attack.