സനായിലെ എണ്ണകേന്ദ്രത്തിനുനേരേ സൗദി ആക്രമണമെന്ന് ഹൂതികൾ

കയ്റോ: സൗദി നേതൃത്വത്തിലുള്ള സഖ്യം യെമെൻ തലസ്ഥാനമായ സനായ്ക്ക് സമീപമുള്ള എണ്ണക്കമ്പനിക്കും സംഭരണകേന്ദ്രത്തിനുംനേരേ വ്യോമാക്രമണം നടത്തിയെന്ന് ഹൂതി ബന്ധമുള്ള ‘അൽ മസീറ’ എന്ന ചാനൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സനായുടെ പടിഞ്ഞാറുള്ള അൽ സബഹാ എണ്ണക്കമ്പനിക്കുനേരേയായിരുന്നു ആക്രമണം. യെമെൻ പെട്രോളിയം കമ്പനി(വൈ.പി.സി.)യുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ആക്രമണസമയത്ത് ഇവിടെ പെട്രോളിയം ഉത്പന്നങ്ങളോ ഇന്ധനമോ സൂക്ഷിച്ചിരുന്നില്ലെന്നും നഗരത്തിലെ ഇന്ധനവിതരണത്തെ ആക്രമണം ബാധിക്കില്ലെന്നും ഹൂതി നേതൃത്വം അറിയിച്ചു.
റിയാദ് വിമാനത്താവളത്തിനുനേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ അൽ-സബഹാ കമ്പനിയിൽനിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യം മുന്നറിയിപ്പുനൽകിയിരുന്നു. പിന്നാലെ സനായിൽ ഇന്ധനം വാങ്ങാൻ തിരക്കനുഭവപ്പെട്ടു. റിയാദിന് വടക്ക് മൂന്ന് ഡ്രോണുകളെ തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന ചൊവ്വാഴ്ച അറിയിച്ചു.
ആക്രമണത്തിന് ശക്തമായി തിരിച്ചടിനൽകുമെന്ന് ഹൂതി നേതൃത്വം അറിയിച്ചു. റിയാദ് വിമാനത്താവളം, ദമാമിലെ ആരാംകോയുടെ ആസ്ഥാനം, റിയാദിലെ ആരാംകോയുടെ എണ്ണശുദ്ധീകരണശാല എന്നിവയ്ക്കുനേരേ ആക്രമണം ഉണ്ടാകുമെന്നും ജനങ്ങൾ ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ഹൂതികൾ ചൊവ്വാഴ്ച മുന്നറിയിപ്പുനൽകി. തിങ്കളാഴ്ച രാത്രി വൈകി യെമെന്റെ വടക്കൻ അതിർത്തിയിൽ സൗദിയുടെ കനത്ത വ്യോമാക്രമണം ഉണ്ടായെന്നും അവർ ആരോപിച്ചു.
അതേസമയം, സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഹൂതികളോട് ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി ആവശ്യപ്പെട്ടു.
‘‘ഈ ആക്രമണങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ല; ഇവ അംഗീകരിക്കാനാവില്ല’’ -ചൊവ്വാഴ്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ അബ്ദെലാറ്റി പറഞ്ഞു. സൗദി-ഹൂതി തർക്കം പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ഇറാൻ മുൻപ് അറിയിച്ചിരുന്നു.
ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയിരുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണങ്ങളിൽ കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പരസ്പരം പോർവിളി തുടങ്ങിയത്. യെമെനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസ് വളഞ്ഞ ഹൂതികൾ നഗരത്തെ ഉപരോധത്തിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Houthi channel reports Saudi-led airstrike near Sanaa, targeting oil company. No fuel stored, no impact on city’s fuel supply, says Houthi leadership.