ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് ഹൂതികൾ, ചെങ്കടലിൽ പ്രതിസന്ധി; ഇന്ധനവില കൂടുമോ, ഇന്ത്യ ആശങ്കപ്പെടണോ?

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Created with AI
പ്രതീകാത്മക ചിത്രം | Created with AI

യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്കെതിരെ ഔദ്യോഗികമായി നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും സൗദി ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണിത്. മേഖലയിൽ നിലവിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായേക്കാമെന്നാണ് സൂചനകൾ. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ബാബ് അൽ മന്ദബ് കടലിടുക്ക് (Bab al-Mandab Strait) ലക്ഷ്യംവെക്കാനും അടച്ചിടാനും ഹൂതികളുടെ ഭീഷണിയുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളാണ് ഈ മേഖല നിയന്ത്രിക്കുന്നത്. എത്രത്തോളം പ്രാധാന്യമുള്ള മേഖലയാണ് ബാബ് അൽ മന്ദബ് കടലിടുക്ക്? ഈ മേഖലയിലെ ഉപരോധം ഇന്ത്യയെ ബാധിക്കുമോ? 

ചെങ്കടലിനെ ഏദൻ ഗൾഫുമായും ഇന്ത്യൻ മഹാസമുദ്രമായും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കടലിടുക്കാണ് ബാബ് അൽ മന്ദബ് കടലിടുക്ക്. സൂയസ് കനാലിലൂടെയുള്ള മെഡിറ്ററേനിയൻ കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലൂടെയുള്ള ചരക്കുനീക്കങ്ങൾ മുഴുവൻ ഇതിലൂടെയാണ് കടന്നുപോകുന്നത്. ഉപരോധം നടപ്പിലായാൽ ആഗോള ഊർജ വിതരണത്തെയും കപ്പൽ ഇൻഷുറൻസ് ചെലവുകളെയും ഇത് ബാധിക്കും. യുഎസ്- ഇറാൻ യുദ്ധം മൂലം ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ഇതിനെ മറികടക്കാനും ഏഷ്യയിലേക്കുള്ള എണ്ണ കയറ്റുമതി സുഗമമാക്കാനും ചെങ്കടലിലൂടെയുള്ള കപ്പൽപ്പാതകളെയാണ് സൗദി അറേബ്യ ആശ്രയിക്കുന്നത്.

ബാബ് അൽ മന്ദബ് കടലിടുക്ക് പൂർണമായും അടച്ചാൽ ആഗോള എണ്ണ വിതരണം ഏഴ് ശതമാനത്തോളം കുറയും. പത്ത് മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് സൗദി അറേബ്യ മാത്രം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. സൗദിയുടെ വ്യാപാരത്തെയാണ് ഉപരോധം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക.

ബാബ് അൽ മന്ദബ് അടയ്ക്കുന്നത് ഇന്ത്യയെ ബാധിക്കുമോ?

ഇന്ത്യ ഊർജത്തിനായി പ്രധാനമായും പശ്ചിമേഷ്യൻ രാജ്യങ്ങളേയും ചെങ്കടലിലൂടെയുള്ള കടൽപ്പാതകളെയും ആശ്രയിക്കുന്നതിനാൽ ഉപരോധം ഇന്ത്യയെ സാരമായിത്തന്നെ ബാധിക്കും. 80 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ എണ്ണയുടെയും പാചകവാതകത്തിന്റെയും വിലവർധനവിന് സാധ്യതയുണ്ട്. കപ്പലുകൾക്ക് മധ്യേഷ്യയും ചെങ്കടലും പൂർണമായി ഒഴിവാക്കി കേപ് ഓഫ് ഗുഡ്ഹോപ് വഴിയുള്ള പാത തിരഞ്ഞെടുക്കേണ്ടിവരും. ഇതിന് 10 മുതൽ 14 ദിവസംവരെ കൂടുതൽ യാത്രചെയ്യേണ്ടിവരും. ചരക്കുകൂലിയും ഇൻഷുറൻസ് ചിലവുകളും 30 മുതൽ 50 ശതമാനം വരെ വർധിക്കും. ഇറക്കുമതിയിൽ താമസമുണ്ടാകാനുള്ള സാധ്യതയും ചരക്ക് വഴിതിരിച്ചുവിടുന്നതിന്റെ ചെലവ് വർധനയും എണ്ണവിപണിയെ സാരമായി ബാധിക്കും.

ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയെയും ഉപരോധം ബാധിക്കും. കാർഷിക ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കെമിക്കലുകൾ, ഫാർമസ്യുട്ടിക്കൽസ് തുടങ്ങിയവയുടെ കയറ്റുമതി വൈകും. അതോടൊപ്പം, ചരക്കുനീക്കത്തിനുള്ള ചെലവ് വർധന വിദേശവിപണികളിലെ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിലവർധനവിനും ഡിമാൻഡ് കുറയാനും കാരണമാകും.

നിയമലംഘനമെന്ന് സഖ്യം

ബാബ് അൽ മൻദേബിലെ ഉപരോധത്തെ അപലപിച്ച് സൗദി സഖ്യകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കടൽക്കൊള്ളയുമാണെന്ന് യെമൻ അടക്കമുള്ള സഖ്യകക്ഷികൾ പ്രതികരിച്ചു. കടലിടുക്കിലൂടെ സൗദി കപ്പലുകൾക്ക് കടന്നുപോകാനുള്ള സംരക്ഷണനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ഉപരോധം നിലവിലുള്ള സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുമെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംഘർഷങ്ങളുടെ തുടക്കം 

2014-ൽ യെമന്റെ തലസ്ഥാനമായ സന ഹൂതികൾ പിടിച്ചെടുത്തതോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഗവൺമെന്റിനെ പിന്തുണയ്ക്കുന്നതിനായി 2015-ൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഈ പോരാട്ടത്തിൽ ഇടപെട്ടു. 

2026 ജൂലൈ 13-ന് സന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടയാൻ സൗദി സഖ്യം ആക്രമണം നടത്തി. ഇതിന് പ്രതികാരമായി ഹൂതികൾ സൗദി അറേബ്യയിലെ അഭ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഹൂതികൾ  സമുദ്ര ഉപരോധം പ്രഖ്യാപിച്ചത്. ബാബ് അൽ-മന്ദബ് കടലിടുക്ക് ലക്ഷ്യമിട്ടുളളതായിരുന്നു ഈ നീക്കം.  ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്കൊപ്പം ബാബ് അൽ-മന്ദബ് കടലിടുക്കിലെ ഹൂതികളുടെ ഇടപെടലുകൾകൂടി ചേരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Content Highlights: Houthi rebels have declared a naval blockade against Saudi Arabia at the Bab el-Mandeb Strait., The blockade threatens global energy supplies and could reduce oil flow by 7%., India faces potential fuel price hikes and increased shipping costs due to its reliance on Red Sea trade routes., Exporters of textiles, chemicals, and pharmaceuticals will face significant delays and higher insurance premiums., Shipping routes may be diverted via the Cape of Good Hope, adding 10-14 days to transit times.