ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍; പക്ഷേ, ഒരു നിബന്ധനമാത്രം

വാഷിങ്ടണ്‍: റഷ്യയ്ക്ക് ഒരുതുണ്ട് ഭൂമിപോലും വിട്ടുകൊടുക്കാതെ യുക്രൈനിലെ യുദ്ധം അവസാനിപ്പിച്ചാല്‍ ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു ട്രംപിന്റെ മുന്‍ എതിര്‍സ്ഥാനാര്‍ഥി കൂടിയായിരുന്ന ഹിലരി ക്ലിന്റന്റെ പരാമര്‍ശം.
''ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍, കൈയേറ്റം നടത്തിയവര്‍ക്ക് യുകൈനിലെ ഭൂമി വിട്ടുകൊടുക്കാതെ യുദ്ധം അസാനിപ്പിക്കാനായെങ്കില്‍, പുതിനെതിരേ ശരിക്കും നിലപാട് സ്വീകരിക്കാനായെങ്കില്‍ അദ്ദേഹത്തിനെ ഞാന്‍ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യുമായിരുന്നു'', ഹിലരി ക്ലിന്റണ്‍ പറഞ്ഞു. പുതിന് മുന്നില്‍ കീഴടങ്ങരുതെന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അലാസ്‌കയില്‍ പുതിനും ട്രംപും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെയാണ് ഹിലരി ക്ലിന്റണ്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, അലാസ്‌കയില്‍ നടന്ന ഉച്ചകോടിയില്‍ യുക്രൈന്‍ യുദ്ധം സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ല.
Content Highlights: Hillary Clinton stated she would nominate Donald Trump for a Nobel Prize if he ends the Ukraine war