ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ, നിറയെ ആയുധങ്ങളും; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ഐ.ഡി.എഫ് പുറത്തുവിട്ട വീഡിയോയിൽ നിന്നും
ഐ.ഡി.എഫ് പുറത്തുവിട്ട വീഡിയോയിൽ നിന്നും

ബയ്‌റുത്ത്: ലബനനിലെ ഒരു ശ്മശാനത്തിന്  താഴെ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്‌സാണ് വിവരം പുറത്തുവിട്ടത്. ടണലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. 

ശ്മശാനത്തിനടിയിൽ തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഒരു തുരങ്കം ഉൾപ്പെടെ ഒന്നിലധികം ഭൂഗർഭ തുരങ്കങ്ങൾ സൈന്യം തകർത്തുവെന്ന് വ്യക്തമാക്കിയ ഇസ്രായേൽ ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനുസമീപം ഞായറാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിനുനേരേയാണ് ആക്രമണമുണ്ടായത്.

അതേ സമയം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജർ സ്‌ഫോടനപരമ്പരനടത്താൻ താൻ അനുമതികൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നു. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.

സെപ്റ്റംബർ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളിൽ ഒരേസമയം പേജറുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ 40 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പേജർസ്‌ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യം ലെബനനിൽ യുദ്ധം ആരംഭിച്ചത്. 

പേജർ ആക്രമണത്തിൽ നിരവധി ഹിസ്ബുള്ള അംഗങ്ങൾക്ക് കൈവിരലുകൾ നഷ്ടമാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങിൽ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാർഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. 1996ൽ ഹമാസിന്റെ യഹ്യ അയ്യാഷിനെ ഇസ്രയേൽ വധിച്ചതിന്‌ പിന്നാലെയാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ ഹിസ്ബുള്ള തീരുമാനിച്ചത്‌. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം. 

പേജർ ആക്രമണത്തിനെതിരേ ലബനൻ ഐക്യരാഷ്ട്ര സഭ ലേബർ ഏജൻസിക്ക് പരാതി നൽകിയിരുന്നു. ഇസ്രായേൽ ലബനനിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 3000 ത്തിലേറെ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം.


 

Content Highlights: Israel finds massive Hezbollah tunnel under cemetery in Lebanon, explosive