മുപ്പതാണ്ടുകൾക്ക് ശേഷം എവറസ്റ്റ് ഡെത്ത് സോണിൽ നിന്ന് ‘ഗ്രീൻബൂട്ട്സ്’ തിരിച്ചെത്തും; അതിസാഹസിക ദൗത്യം

ബെയ്ജിങ്: മുപ്പതുവർഷത്തോളം എവറസ്റ്റ് കൊടുമുടിയിൽ മരവിച്ചുകിടക്കുന്ന ‘ഗ്രീൻ ബൂട്ട്സ്’ എന്നപേരിൽ അറിയപ്പെടുന്ന, ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം തിരികെയെത്തിക്കുന്നു.
ഏറെ ദുഷ്കരവും അപകടം നിറഞ്ഞതും അപൂർവവുമായ വീണ്ടെടുക്കൽ ദൗത്യമാണ് ഇന്ത്യാ ടിബറ്റൻ ബോർഡർ പോലീസിന്റെ(ഐ.ടി.ബി.പി.) നേതൃത്വത്തിൽ ആരംഭിച്ചത്. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തികാക്കുന്ന ഐ.ടി.ബി.പി.യിലെ ലാൻസ് നായിക്കായിരുന്ന ഡോർജെ മൊറുപ്പിന്റെ മൃതദേഹമാണ് ‘ഗ്രീൻ ബൂട്ട്സ്’ എന്നപേരിൽ അറിയപ്പെടുന്നത്. 1996-ൽ എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട ഐ.ടി.ബി.പി.യുടെ ആറംഗ സംഘത്തിലെ അംഗമായിരുന്നു ലഡാക്ക് സ്വദേശിയായ മൊറുപ്പ്.
പർവതാരോഹകർ സാധാരണ തിരഞ്ഞെടുക്കാറുള്ള നേപ്പാൾ ഭാഗത്തുനിന്നുള്ള വഴിക്കുപകരം ചൈനയിൽനിന്ന് എവറസ്റ്റിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. ആറിൽ മൂന്നുപേർ മോശം കാലാവസ്ഥകാരണം പകുതിവഴിക്ക് മടങ്ങി. എന്നാൽ, മൊറുപ്പ്, സെവാങ് സ്മാൻല, സെവാങ് പാൽജോർ എന്നിവർ 1996 മേയ് 10-ന് എവറസ്റ്റിന്റെ നെറുകെയിൽ എത്തുകതന്നെ ചെയ്തു. മടക്കയാത്രയിൽ ഹിമപാതത്തിൽപ്പെട്ട് മൂന്നുപേരും മരിച്ചു. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊറുപ്പിന്റെ പച്ചബൂട്ടുകളണിഞ്ഞ മൃതദേഹമാകട്ടെ മുപ്പതുവർഷമായി സമുദ്രനിരപ്പിൽനിന്ന് 8500 മീറ്റർ ഉയരത്തിൽ, എവറസ്റ്റിന്റെ ‘ഡെത്ത് സോണിൽ’ മരവിച്ചങ്ങനെ കിടന്നു.
ഈ പ്രദേശത്തകപ്പെട്ട മൃതശരീരങ്ങളെ താഴെ എത്തിക്കുന്നത് അതി സാഹസികവും ഏറക്കുറെ അസാധ്യവുമായ ദൗത്യമാണ്. അതാണ് മൊറുപ്പിന്റെ വീട്ടിൽ ഇന്നും കാത്തിരിക്കുന്ന കുടുംബത്തിനരികെ മൃതദേഹം എത്തിക്കുന്നതിന് തടസ്സമായത്. എന്നാൽ, ഉയരങ്ങളിൽനിന്ന് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള വിദഗ്ധസംഘത്തിന്റെ സഹായത്തോടെ സെപ്റ്റംബറോടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഐ.ടി.ബി.പി.
Content Highlights: ITBP launches a historic mission to recover the body of Indian climber Dorje Morup, known as 'Green Boots', from Everest. Read the full story of this 1996 tragedy.