ലോകത്ത് 2035-ഓടെ മുസ്ലിങ്ങൾ മുന്നിലെത്തും; യൂറോപ്പിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു, കോംഗോ യു.എസ്സിനെ പിന്തള്ളും

വാഷിങ്ടൺ: ആഗോളതലത്തിൽ 2035-ഓടെ മുസ്ലിം ജനസംഖ്യ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. ലോകവ്യാപകമായി ക്രിസ്ത്യൻ ജനസംഖ്യയിലും വർധന തുടരുമെങ്കിലും മുസ്ലിം ജനസംഖ്യാ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലാണ് മറ്റ് മേഖലകളെ അപേക്ഷിച്ച് ജനസംഖ്യയിൽ കാര്യമായ വർധനയുണ്ടാകുക.
2020-ലെ കണക്കനുസരിച്ച് ലോകത്ത് 227 കോടി ക്രൈസ്തവരും 202 കോടി മുസ്ലിംകളുമാണുള്ളത്. 2035-ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായി ഉയരുമ്പോൾ ക്രൈസ്തവ ജനസംഖ്യ 252 കോടിയാകും. നിലവിലെ ഈ പ്രവണത തുടരുകയാണെങ്കിൽ 2070-ഓടെ മുസ്ലിം ജനസംഖ്യ 360 കോടിയിലധികമാകും. ഈ സമയം ക്രൈസ്തവ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കും. അതേസമയം, ഹിന്ദു മതവിഭാഗത്തിന്റെ ആഗോള ജനസംഖ്യാ വിഹിതത്തിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മതപരിവർത്തനത്തേക്കാൾ ഉയർന്ന ജനനനിരക്കാണ് ജനസംഖ്യാ മാറ്റത്തിന് പ്രധാന കാരണമാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020-നും 2025-നും ഇടയിൽ മുസ്ലിം സ്ത്രീകളിലെ ശരാശരി ജനനനിരക്ക് 3.1 ഉം ക്രൈസ്തവ സ്ത്രീകളുടേത് 2.5 ഉം ആയിരുന്നു. എന്നാൽ, മറ്റ് വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 1.6 മാത്രമാണ്. ജനനനിരക്ക് നിലനിൽക്കാൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ കുറവാണിത്.
ഹിന്ദുക്കളുടെ ആകെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും ലോക ജനസംഖ്യയിലെ ശതമാനക്കണക്കിൽ നേരിയ കുറവുണ്ടാകും. ജൂത ജനസംഖ്യയിലും സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വരുംദശകങ്ങളിൽ ബുദ്ധമതക്കാരുടെ ആകെ എണ്ണത്തിലും ലോകജനസംഖ്യയിലെ അവരുടെ അനുപാതത്തിലും ഗണ്യമായ കുറവുണ്ടാകും. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന ജനസംഖ്യാ കുറവാണ് ഇതിന് പ്രധാന കാരണം.
ബഹായികൾ, താവോയിസ്റ്റുകൾ, ജൈനന്മാർ, സിഖുകാർ, ഗോത്ര-നാടോടി മതവിശ്വാസികൾ എന്നിവരുൾപ്പെടെയുള്ള മറ്റ് എല്ലാ മതവിഭാഗങ്ങളുടെയും ആകെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുമെങ്കിലും 2070-ഓടെ ഇവരുടെ ആഗോള അനുപാതം രണ്ട് ശതമാനത്തിലും താഴെയായി ചുരുങ്ങും. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ (Religious 'Nones') അനുപാതത്തിൽ വലിയ ഇടിവുണ്ടാകും. 2020-ൽ ലോക ജനസംഖ്യയുടെ 24 ശതമാനമായിരുന്നത് 2070-ൽ 17 ശതമാനമായി കുറയും.
2020-നും 2070-നും ഇടയിൽ ആഗോള ജനസംഖ്യ 29% വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോക ജനസംഖ്യാ വളർച്ചയുടെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് സഹാറ മരുഭൂമിക്ക് തെക്കുള്ള (സബ് സഹാറൻ) ആഫ്രിക്കൻ രാജ്യങ്ങളിൽ. 2070-ഓടെ ലോക ജനസംഖ്യയുടെ നാലിലൊന്നിലധികവും ജീവിക്കുന്നത് ഈ മേഖലയിലായിരിക്കും. നിലവിൽ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതത്തിലോ ഇസ്ലാംമതത്തിലോ വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ ഉയർന്ന ജനനനിരക്കും ആയുർദൈർഘ്യത്തിലെ വർധനവും ഇരു മതവിഭാഗങ്ങളുടെയും ആഗോള ജനസംഖ്യ ഉയർത്താൻ സഹായകമാകും.
യു.എസ്സിനെ മറികടന്ന് കോംഗോ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള രാജ്യമാകും
ലോകത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ പകുതിയിലധികവും സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള രാജ്യമെന്ന സ്ഥാനത്ത് യു.എസിനെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഒന്നാമതെത്തും. അമേരിക്കയിൽ ക്രിസ്ത്യാനികൾ ഏറ്റവും വലിയ മതവിഭാഗമായി തുടരുമെങ്കിലും ഭൂരിപക്ഷമല്ലാതാകാം.
ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമെന്ന പദവി പാകിസ്താൻ സ്വന്തമാക്കും. നിലവിൽ ഒന്നാമതുള്ള ഇന്തോനേഷ്യയെ പിന്തള്ളി ഇന്ത്യ രണ്ടാമതും നൈജീരിയ മൂന്നാമതുമാകും. ഇന്തോനേഷ്യ നാലാമതാകും. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ജനസംഖ്യയിൽ ഏറ്റവും വലിയ വർധനവുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെങ്കിലും, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളിലാണ് വളർച്ചാ നിരക്ക് കൂടുതൽ വേഗത്തിലാവുക.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യ കുറയുകയും അവിടുത്തെ ബുദ്ധമത ജനസംഖ്യ പകുതിയിലധികമായി ചുരുങ്ങുകയും ചെയ്യും. മിക്ക രാജ്യങ്ങളിലും മതവിശ്വാസമില്ലാത്തവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും, നിലവിൽ ഇക്കൂട്ടർ ഏറ്റവും കൂടുതലുള്ള ചൈനയിലെ മൊത്തം ജനസംഖ്യാ ഇടിവു കാരണം ആഗോളതലത്തിൽ ഈ വിഭാഗത്തിന്റെ അനുപാതം കുറയും. ലോകത്തെ ആകെ ജൂത ജനസംഖ്യയുടെ 62 ശതമാനവും ഇസ്രയേലിൽ ജീവിക്കുന്നവരാകും. 2020-ൽ ഇത് 46 ശതമാനമായിരുന്നു.
യൂറോപ്പിലെ ജനസംഖ്യ 2070-ഓടെ 17% കുറയും. ഇവിടെ ക്രൈസ്തവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞ് 50.5 കോടിയിൽ നിന്ന് 32.4 കോടിയാകും. അതേസമയം, യൂറോപ്പിൽ മുസ്ലിം ജനവിഭാഗം 6 ശതമാനത്തിൽനിന്ന് 13 ശതമാനമായി ഉയരും. 2020 മുതൽ 2070 വരെയുള്ള ആഗോള ജനസംഖ്യാ പഠന പദ്ധതിയുടെ ഭാഗമായാണ് പ്യൂ റിസർച്ച് സെന്റർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വയസ്സ്, ജനനനിരക്ക്, കുടിയേറ്റം, മതപരമായ മാറ്റങ്ങൾ എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Content Highlights: A comprehensive study by the Pew Research Center projects that the global Muslim population will surpass the Christian population by 2035, driven primarily by higher fertility rates rather than religious switching.