ഐഎംഎഫ് വിട്ട് ഗീതാ ഗോപിനാഥ്; തിരികെ ഹാര്‍വാഡിലെ അധ്യാപന ജീവിതത്തിലേക്ക്

Photo: ANI
Photo: ANI

വാഷിങ്ടണ്‍: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു. ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയില്‍നിന്ന് പടിയിറങ്ങുന്ന ഗീത, അധ്യാപന ജീവിതത്തിലേക്കാണ് മടങ്ങുന്നത്. ഓഗസ്റ്റില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് അധ്യാപികയായി അവര്‍ തിരിച്ചെത്തും.

എക്‌സിലൂടെ ഗീത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ ഗീത, 2019-ലാണ് ഐഎംഎഫിലെത്തുന്നത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയില്‍ പ്രവേശിച്ച ഗീത, 2022-ല്‍ ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന നേട്ടവും ഗീതയ്ക്ക് സ്വന്തമായി.

കണ്ണൂര്‍ സ്വദേശിനിയായ ഗീത, ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-2018 കാലഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി അവര്‍ സൗജന്യ സേവനമനുഷ്ടിച്ചിരുന്നു.

കോവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നാണ് ഐഎംഎഫ് വാര്‍ത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. യുക്രൈന്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐഎംഎഫിന്റെ പ്രവര്‍ത്തനങ്ങളിലും ഗീതയുടെ സംഭാവനകള്‍ അതീവ പ്രാധാന്യമുള്ളതായിരുന്നു.

Content Highlights: Gita Gopinath, IMF`s First Deputy Managing Director, is leaving to resume teaching at Harvard