കാമുകി കൊടുത്ത 35 ലക്ഷം തിരികെനല്‍കേണ്ടെന്ന് യുവാവിനോട് ചൈനയിലെ കോടതി; കാരണം വഞ്ചന

ഷാങ്ഹായ്: ബന്ധം പുനഃസ്ഥാപിക്കാനായി മുന്‍കാമുകി നല്‍കിയ പണം തിരികേ നല്‍കേണ്ടതില്ലെന്ന് യുവാവിനോട് ചൈനയിലെ കോടതി. ഷാങ്ഹായ് നഗരത്തിലാണ് സംഭവം. കാമുകി നല്‍കിയ 300,000 ചൈനീസ് യുവാന്‍ (ഏകദേശം 35 ലക്ഷം ഇന്ത്യന്‍ രൂപ അഥവാ 40,000 യു.എസ്. ഡോളര്‍) ആണ് ഇതോടെ ലി എന്ന യുവാവിന് സ്വന്തമായത്.
2018-ലാണ് ഷു എന്ന യുവതിയെ ലി കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്. രണ്ടുവര്‍ഷത്തിനുശേഷമാണ് ഷുവും തന്റെ അനന്തരവനും തമ്മില്‍ അവിഹിതമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. കോപാകുലനായ ലി പ്രണയബന്ധം അവസാനിപ്പിക്കുകയാണെന്ന് തുറന്ന് പറഞ്ഞു.
എന്നാല്‍ ഷു മാപ്പപേക്ഷിച്ചുകൊണ്ട് യുവാവിന് കത്തെഴുതി. പലതവണ താന്‍ വഞ്ചിച്ചിട്ടുണ്ടെന്നും ചെയ്ത തെറ്റുകള്‍ തനിക്ക് മനസിലായെന്നും തെറ്റുകള്‍ തിരുത്തുകയും സത്യസന്ധതയിലൂടെ തെറ്റിന് പരിഹാരം കാണുകയും ചെയ്യുമെന്നും കത്തില്‍ ഷു പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാപ്പപേക്ഷയുടെ ഭാഗമായി പലതവണകളായി ലിയുടെ അക്കൗണ്ടിലേക്ക് ഷു 300,000 യുവാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു.
ഇതോടെ തന്റെ കാമുകിക്ക് മാപ്പ് നല്‍കാനും പ്രണയം തുടരാനും യുവാവ് തീരുമാനിച്ചു. പ്രണയം തുടരവെ 2022-ലാണ് വീണ്ടും ഷു അനന്തരവനുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ട് തന്നെ ചതിക്കുകയാണെന്ന് ലി കണ്ടെത്തിയത്. ഇതോടെ ഇനിയൊരിക്കലും പുനഃസ്ഥാപിക്കാത്ത വിധം പ്രണയം അവസാനിപ്പിക്കാന്‍ ലി തീരുമാനിക്കുകയായിരുന്നു.
പ്രണയം തകര്‍ന്നുവെന്ന് ഉറപ്പായതോടെ താന്‍ രണ്ടുവര്‍ഷം മുമ്പ് നല്‍കിയ പണം തിരികെ വേണമെന്ന് ഷു ആവശ്യപ്പെട്ടു. വിവാഹത്തിനായുള്ള സമ്മാനമാണ് ഈ പണമെന്നും പ്രണയം അവസാനിച്ചതിനാല്‍ പണം തിരികെ നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പലതവണ തന്നോട് വഞ്ചന കാണിച്ചതിനാല്‍ പണം തിരികെ നല്‍കാനാകില്ല എന്ന് ലി തീര്‍ത്ത് പറഞ്ഞു.
ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്. ഇരുഭാഗത്തിന്റേയും ഭാഗം കേട്ട ഷാങ്ഹായ് കോടതി ഒടുവില്‍ ലി പണം തിരികെ നല്‍കേണ്ടതില്ല എന്ന് വിധിക്കുകയായിരുന്നു. പ്രണയം തുടരണമെന്ന് ആഗ്രഹിച്ച സമയത്ത് ഷു സ്വമനസാലെ നല്‍കിയ പണമാണ് ഇത്. ഈ പണത്തെ സമ്മാനമായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി വ്യക്തമാക്കിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു.
Content Highlights: Chinese man can keep US$40,000 cheating ex gave him to say sorry, court rules