കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് കൂരകൾ, അതിൽ ഉടുതുണിപോലും ഇല്ലാത്തവർ: ഗാസയ്ക്ക് കൊടും തണുപ്പിനോടും പോരാടണം

ഗാസ: ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാലടികളും തലയുമെല്ലാം തണുത്തുറച്ചുപോയ പോലെയായി. കിടക്കാന്‍ മെത്തയോ കഴിക്കാന്‍ ഒരു കഷണം ബ്രഡോ കൃത്യമായി കിട്ടുന്നില്ല. രണ്ടര ലക്ഷത്തോളം ആളുകളില്‍ പകുതിയോളം ഇന്ന് ബീച്ചുകളില്‍ കുത്തിയുയര്‍ത്തിയ പ്ലാസ്റ്റിക് കൂരകളിലാണ്. രണ്ട് മാസം മുതലുള്ള കുഞ്ഞുങ്ങള്‍ ഒപ്പമുണ്ട്. ഇനിയങ്ങോട്ട് തണുപ്പിനോടും യുദ്ധം ചെയ്യണം, ഖാന്‍ യൂനുസില്‍നിന്ന് ഷായ്‌മെ എസ ബി.ബി.സിയോട് മനസ്സുതുറക്കുകയാണ്.
അടച്ചുറപ്പുള്ള വീടുണ്ടായിരുന്നവരാണ് ഇന്ന് കീറിപ്പറഞ്ഞ കൂരയില്‍ ദുരിതങ്ങളോട് ഏറ്റുമുട്ടുന്നത്. കടുത്ത തണുപ്പുകൂടി വന്നതോടെ ഉടുതുണിപോലുമില്ലാത്ത കുഞ്ഞുങ്ങളടക്കമുള്ളവാര്‍ക്കാണ് കൂരയ്ക്കുള്ളില്‍ തണുത്തു വിറച്ചിരിക്കേണ്ടി വരുന്നത്. ഇതോടെ ഭൂരിഭാഗം പേരും രോഗക്കിടക്കയിലുമാണ്. ഒരു മഴ പെയ്താല്‍ കൂരയ്ക്കുള്ളിലേക്ക് വെള്ളം കയറും. കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ഒരു മാർഗവുമില്ലെന്നും ഷായ്മ എസ ചൂണ്ടിക്കാട്ടുന്നു.
ഞങ്ങള്‍ക്ക് കിടക്കാന്‍ ഇടമില്ല, കുടിക്കാന്‍ നല്ല വെള്ളമില്ല, കഴിക്കാന്‍ ഭക്ഷണില്ല. ഇതെന്തുതരം ജീവിതമാണ്. എന്റെ കുഞ്ഞുങ്ങളുടെ വയറ് നിറയ്ക്കാന്‍ ലോകത്തിന്റെ അവസാനത്തെയറ്റംവരെ പോകാനും ഞാന്‍ തയ്യാറാണ്, സാല്‍വ അബു പറയുന്നു. ഇതിനിടെ മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടതോടെ ജീവിതം അപ്പാടെ താറുമാറായിപ്പോയെന്നും സാല്‍വ പറയുന്നു.
സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഒരു കഷണം റൊട്ടിക്കായി നീണ്ട ക്യൂവാണ് അങ്ങോളമിങ്ങോളം. കൂരയ്ക്കുള്ളില്‍ രോഗക്കിടക്കയിലായവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇതിനിടെ കടുത്ത തണുപ്പുകാലം കൂടിയെത്തിയതോടെ ശ്വാസംകഴിക്കാന്‍പോലും ബുദ്ധിമുട്ടുകയാണ് ജനങ്ങളെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ ജനങ്ങള്‍ ജീവന്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സമാനതകളില്ലാത്ത അതിജീവന പോരാട്ടമാണ് നടത്തുന്നതെന്ന് യു.എന്‍ പ്രതിനിധി അന്റോണി റെനാര്‍ഡ് പ്രതികരിച്ചു. പട്ടിണിമൂലം കൊടിയ നശീകരണത്തിന്റേയും തകര്‍ച്ചയുടേയും ഇതുവരെ കാണാത്ത അവസ്ഥയിലൂടെയാണ് ഇവിടെയുള്ള ജനങ്ങള്‍ കടന്നുപോവുന്നതെന്നും അന്റോണി റെനാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Gazans displaced by war now face a new threat winter