ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ അതിശക്തമായ ആക്രമണം; 32 പേർ കൊല്ലപ്പെട്ടു

Photo: AFP
Photo: AFP

ഡെയ്ർ അൽ ബലാ: ഗാസയിൽ വീണ്ടും ഇസ്രയേൽ നടത്തിയ അതിശക്തമായ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. മുനമ്പിൽ സുസ്ഥിരസമാധാനമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാനസമിതിക്ക്(ബോർഡ് ഓഫ് പീസ്) രൂപം നൽകുകയും വെടിനിർത്തലിന്റെ രണ്ടാംഘട്ടം പ്രാബല്യത്തിലാകുമെന്ന സൂചന ഉയരുകയും ചെയ്തിരിക്കേയാണിത്. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ചാണ് ആക്രമണം.

2025 ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഗാസാസിറ്റി, അൽ മുവാസി, ഖാൻയൂനിസ് എന്നിവിടങ്ങളിലെ അഭയാർഥിക്കൂടാരങ്ങൾ ആക്രമിക്കപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ ഒരു പോലീസ് സ്റ്റേഷനും ആക്രമിച്ചു. യു.എസ്. മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതിയുടെ ഭാഗമായാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലുള്ളത്. അതിലെ വ്യവസ്ഥപ്രകാരം ബന്ദിക്കൈമാറ്റം തിങ്കളാഴ്ചയോടെ ഹമാസ് പൂർത്തിയാക്കിയിരുന്നു. പിന്നാലെ ഈജിപ്തിനോടു ചേർന്ന റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തീരുമാനിക്കുകയും ചെയ്തു.

ഇതോടെ ഹമാസിന്റെ നിരായുധീകരണം, ഗാസയിൽനിന്ന് ഇസ്രയേലിന്റെ സമ്പൂർണ സൈനിക പിന്മാറ്റം തുടങ്ങിയ വ്യവസ്ഥകളുള്ള സമാധാനപദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാകുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു. വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 509 പലസ്തീൻകാർ മരിച്ചു. ഇസ്രയേലിന് നാല് പട്ടാളക്കാരെ നഷ്ടപ്പെട്ടു.

അതിനിടെ, ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ട്രംപിന്റെ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നുതീരുമാനിക്കാൻ ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് സമയം വേണമെന്ന് വത്തിക്കാൻ പറഞ്ഞു.

Content Highlights: Dozens killed in intense Israeli airstrikes on Gaza despite US peace initiatives and ceasefire hopes. Learn about the latest developments and the escalating conflict.