ജി20: ‘ഡ്രഗ്-ടെറർ നെക്സസ്’ തകർക്കണമെന്ന് മോദി, നടപടി നിര്‍ദ്ദേശിച്ചു, ആഫ്രിക്കയ്ക്ക് വേണ്ടി പദ്ധതി അവതരിപ്പിച്ചു

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ | Photo: AP
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ | Photo: AP

ജോഹന്നാസ്ബർഗ്: ജി20 രാജ്യങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തിൽ വേരൂന്നിയതുമായ മാതൃകകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ 'ആരെയും പിന്നിലാക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം പുരോഗതിയെ എങ്ങനെ അളക്കുന്നു എന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിഭവ ദാരിദ്ര്യവും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് ഇത് അനിവാര്യമാണെന്നും ഇന്ത്യയുടെ ഏകാത്മ മാനവവാദം എന്ന തത്വം കൂടുതൽ സമതുലിതമായ വളർച്ചയ്ക്ക് ഒരു മാതൃക നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനഃക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

സുസ്ഥിര ജീവിതത്തിനായുള്ള കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച മാതൃകകൾ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ജി20-ക്ക് കീഴിൽ ഒരു ആഗോള വിജ്ഞാന ശേഖരം പ്രധാനമന്ത്രി നിർദേശിച്ചു. ലോകം കാലാവസ്ഥാ പ്രതിസന്ധിയും അതിവേഗം മാറുന്ന ജീവിതശൈലികളും നേരിടുന്ന ഈ സമയത്ത്, ആരോഗ്യം, പരിസ്ഥിതി, സാമൂഹിക ഐക്യം എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകൾ രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ഭാവി തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ശേഖരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ വളർച്ച അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ നരേന്ദ്രമോദി ആഫ്രിക്കൻ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു നൈപുണ്യ പദ്ധതിയും പ്രഖ്യാപിച്ചു. ‘ജി20–ആഫ്രിക്ക സ്‌കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ്’ എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതി എല്ലാ ജി20 പങ്കാളികളുടെയും സംയുക്ത പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. അടുത്ത ദശാബ്ദത്തിനുള്ളിൽ ആഫ്രിക്കയിൽ ഒരു ദശലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഫെന്റനൈൽ പോലുള്ള അതീവ വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ ആഗോളതലത്തിൽ വ്യാപിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഡ്രഗ്-ടെറർ നെക്സസ് (ലഹരി-ഭീകരവാദ ബന്ധം) ചെറുക്കുന്നതിനായി ഒരു പ്രത്യേക ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്ത് ശൃംഖലകളെ തകർക്കുക, നിയമവിരുദ്ധമായ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുക, ഭീകരവാദ ഗ്രൂപ്പുകളുടെ ധനസഹായത്തിന്റെ പ്രധാന ഉറവിടം ദുർബലപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.

Content Highlights: PM Modi calls for a global reset at G20 Summit, proposing initiatives for traditional knowledge, African skills, and countering drug-terror nexus. Discover his vision for sustainable development.