വിദ്യാർഥി പ്രക്ഷോഭത്തിൽ പൊള്ളി ഫ്രാൻസ്

പാരീസ് : അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം ആളുന്നു. വിവിധ നഗരങ്ങളിൽ സ്‌കൂളുകൾക്കുമുന്നിൽ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാർഥികൾ പ്രതിഷേധിച്ചു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്ത തായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 40 പ്രധാനാധ്യാപകർ ഉൾപ്പെടെ 65 സ്‌കൂൾ ജീവനക്കാർക്കും 305 പോലീസുകാർക്കും പരിക്കേറ്റു.
ഫ്രാൻസിലെ 3,700 ഹയർസെക്കൻഡറി സ്‌കൂളുകളിൽ 1027 സ്‌കൂളുകളെയും പ്രതിഷേധം ബാധിച്ചു. ഇതിൽ 222 സ്‌കൂളുകൾ പൂർണമായും ഉപരോധിക്കപ്പെട്ടു. പാരീസ് മേഖലയിലെ അൻപതോളം സ്‌കൂളുകളിൽ വ്യാപക അക്രമവും ഏറ്റുമുട്ടലും നാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്തു. മാർസെയിൽ ഒരു സ്‌കൂൾ പ്രിൻസിപ്പലിനും ഡെപ്യൂട്ടി പ്രിൻസിപ്പലിനും നേരേ പെട്രോൾ ഒഴിച്ചതായും നാന്തിൽ ഒരു ഹൈസ്‌കൂൾ പ്രവേശനകവാടത്തിന് തീ വെച്ചതായും അധികൃതർ അറി യിച്ചു. സ്ട്രാസ്ബർഗിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ട്രാം സർവീസ് നിർത്തിവെച്ചു. സർവകലാശാലാ വിദ്യാർഥികളും പ്രതിഷേധത്തിൽ അണിചേർന്ന് ഏകദേശം 30 കാമ്പസുകൾ ഉപരോധിച്ചു.
ചില ക്ലാസുകളിൽ 35 വിദ്യാർഥികൾവരെ പഠിക്കേണ്ടിവരുന്നതായും വേനൽക്കാലത്ത് ക്ലാസ്മുറി കളിൽ 35 ഡിഗ്രി സെൽഷ്യസിനു മേൽ താപനില ഉയരുന്നത് നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. അതേസമയം, പ്രതിഷേധം കലാപമായി മാറിയെന്നും പിന്നിൽ തീവ്ര ഇടതുസംഘടനകളാണെന്നും ഫ്രഞ്ച് സർക്കാർ ആരോപിച്ചു.
Content Highlights: Students in France launched widespread protests over teacher shortages and poor school infrastructure., The Interior Ministry reported 1,949 arrests following clashes and blockades at over 1,000 high schools., University students also joined the demonstrations, blockading around 30 campuses., The French government claims the protests have turned into riots orchestrated by far-left groups.