ഒൻപതുരാജ്യങ്ങളിലായി 101 സംഘടനകൾ ഉൾപ്പെടുന്ന ശൃംഖല; ഫ്രാൻസിലെയും ഇന്ത്യയിലെയും പ്രക്ഷോഭങ്ങൾക്ക് ബന്ധമെന്ന് ആരോപണം

#ന്യൂസ് ഡെസ്ക്
ഫ്രാന്‍സിലെ പ്രതിഷേധക്കാര്‍ / ഫോട്ടോ: AFP
ഫ്രാന്‍സിലെ പ്രതിഷേധക്കാര്‍ / ഫോട്ടോ: AFP

ന്യൂയോർക്ക്: ഫ്രാൻസിലെ കലാപങ്ങളെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന യുവജനപ്രക്ഷോഭങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനാശൃംഖലയുണ്ടെന്ന് ആരോപണവുമായി ഫോക്സ് ന്യൂസ്. സീനിയർ എഡിറ്റർ അസ്ര നൊമാനിയുടെ റിപ്പോർട്ടുപ്രകാരം, ഒൻപതുരാജ്യങ്ങളിലായി 101 സംഘടനകൾ ഉൾപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന ശൃംഖല പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയോ അവയ്ക്ക് പ്രചാരണം നൽകുകയോ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഇന്ത്യൻ അലയൻസ് പാരിസ് (ഐ.എ.പി.) എന്ന സംഘടന പ്രക്ഷോഭങ്ങൾക്കിടയിൽ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള കണ്ണിയായി പ്രവർത്തിക്കുന്നുവെന്നും ആരോപിക്കുന്നു. ന്യൂയോർക്കിലെ പീപ്പിൾസ് ഫോറവുമായി ഐ.എ.പി.ക്ക് പങ്കാളിത്തമുണ്ടെന്നും അതിൽ പറയുന്നു.

ഫ്രാൻസ്, സ്പെയിൻ, ഇന്ത്യ, അൽബേനിയ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളെ ഒക്ടോബർ 16-ലെ കുറിപ്പിൽ പ്രോഗ്രസീവ് ഇന്റർനാഷണൽ എന്ന സംഘടന ഒരുമിച്ച് പരാമർശിച്ചതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രക്ഷോഭങ്ങൾ തമ്മിൽ ഏകോപിതമായ പ്രവർത്തനമുണ്ടെന്ന ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം: ഫ്രാൻസിൽ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും കർഫ്യൂകളും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരർക്ക് ജാഗ്രതാനിർദേശം. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും പ്രാദേശികഭരണകൂട നിർദേശങ്ങൾ പാലിക്കണമെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.