ഇറാഖ് യുദ്ധത്തിന്റെ ശില്‍പ്പി; മുന്‍ യുഎസ് വൈസ്പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു

ഡിക് ചിനി| AFP File Photo
ഡിക് ചിനി| AFP File Photo

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്ന യുഎസിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനി (84) അന്തരിച്ചു. റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്നാണ് മുഴുവൻ പേര്. ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് 2001 മുതല്‍ 2009 വരെ ഇദ്ദേഹം വൈസ് പ്രസിഡന്റായിരുന്നത്.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ന്യുമോണിയ, ഹൃദയം, വാസ്‌കുലര്‍ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ കാരണമാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അന്ത്യസമയത്ത് ഭാര്യ ലിന്‍, മക്കളായ ലിസ്, മേരി എന്നിവര്‍ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം യു.എസിന്റെ അഫ്ഗാന്‍ അധിനിവേശത്തിന് പിന്നില്‍ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു.

Content Highlights: Former US Vice President Dick Cheney, a powerful figure in Republican politics, has passed away at 84 due to complications from pneumonia and heart disease.