‘സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം’; ഇസ്രായേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ളൈ ദുബായ്

#ന്യൂസ് ഡെസ്ക്
Photo: AP
Photo: AP

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്‌ളൈ ദുബായ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുടെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച ജീവനക്കാർക്കും യാത്രക്കാർക്കും, അടിയന്തര സഹായം നൽകിയ സൗദി, യു.എ.ഇ അധികൃതർക്കും ഫ്‌ളൈ ദുബായ് സി.ഇ.ഒ ഗൈത് അൽ ഗൈത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ദുബായിയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന FZ 1073 വിമാനത്തിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സഹപൈലറ്റിന്റെ ആക്രമണത്തിൽ സ്മിത് മച്ഛാർ എന്ന ഇന്ത്യൻ പൗരനായ ക്യാപ്റ്റന് ഗുരുതരമായ പരിക്കേറ്റിരുന്നു. ക്യാപ്റ്റൻ നിലവിൽ യു.എ.ഇയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി അറേബ്യൻ വ്യോമാതിർത്തിയിൽ സഞ്ചരിക്കുന്നതിനിടെ ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് നേരെ ആക്രമണം നടത്തുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് വിമാനം പെട്ടെന്ന് ദിശമാറുകയും അര മിനിറ്റോളം സമയം കൊണ്ട് 16,000 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു. തുടർന്ന് അടിയന്തര സന്ദേശം നൽകിയ ക്യാപ്റ്റൻ സ്മിത് മച്ഛാറും ക്യാബിൻ ക്രൂവും വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരും ചേർന്ന് സാഹസികമായി സഹപൈലറ്റിനെ കീഴടക്കി വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കി. 

Content Highlights: Flydubai suspends all flights to Israel following a severe in-flight security incident., Co-pilot attacked Indian captain Smith Machar mid-air on the Dubai-Tel Aviv FZ 1073 flight., The aircraft experienced a sudden 16,000-foot drop before crew and passengers subdued the attacker., Emergency landing successfully executed in Tabuk, Saudi Arabia.