ഇന്ത്യക്കാരന്‍ വരുത്തിയ 'യൂ ടേണ്‍' അപകടം, ട്രംപ് ഭരണകൂടവും കാലിഫോര്‍ണിയ ഗവര്‍ണറും തമ്മില്‍ പോര്

അപകടത്തിന്റെ വീഡിയോയില്‍നിന്ന്
അപകടത്തിന്റെ വീഡിയോയില്‍നിന്ന്

വാഷിങ്ടണ്‍: ഫ്‌ലോറിഡയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മിലുള്ള  പുതിയ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. ഇന്ത്യക്കാരനായ ഹര്‍ജിന്ദര്‍ സിങ് ഓടിച്ച ട്രക്കാണ് അപകടം വരുത്തിയത്.  ഫ്‌ലോറിഡ ടേണ്‍പൈക്കില്‍ നിയമവിരുദ്ധമായി യു-ടേണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അനധികൃത കുടിയേറ്റക്കാരനായ ഹര്‍ജിന്ദര്‍ സിങ്ങിന് എങ്ങനെയാണ് വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിരിക്കുന്നതെന്ന ചോദ്യമാണ് ട്രംപ് ഭരണകൂടം ഉയര്‍ത്തുന്നത്. 

കാലിഫോണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഹര്‍ജിന്ദര്‍ സിങ്ങിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ജനതയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ചൂണ്ടിക്കാട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യരിറ്റി 'ഇനിയും എത്ര നിരപരാധികള്‍ മരിക്കേണ്ടി വരും' എന്ന ചോദ്യവും ഔദ്യോഗിക എക്‌സ് പേജിലൂടെ ഉന്നയിച്ചു.

എന്നാല്‍ ട്രംപ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഹര്‍ജിന്ദര്‍ സിങ് യുഎസില്‍ പ്രവേശിച്ചതെന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് നിയമപരമായി താമസിക്കുന്നവർക്ക് മാത്രമേ കാലിഫോര്‍ണിയയില്‍ വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ എന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

പൗരന്മാരുടെ ജീവന്‍ എല്ലാ ദിവസവും അപകടത്തിലാക്കുന്ന ധിക്കാരപരമായ നയങ്ങളാണ് കാലിഫോര്‍ണിയയിലേതെന്ന് വൈറ്റ്ഹൗസ് വിമര്‍ശിച്ചു.

ഹര്‍ജിന്ദര്‍ സിങ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിയമവിരുദ്ധമായാണ് കഴിയുന്നത്, അദ്ദേഹത്തിന്റെ തൊഴില്‍ അനുമതി 2020 സെപ്റ്റംബര്‍ 14-ന് ട്രംപ് ഭരണകൂടം നിരസിച്ചിരുന്നു. പിന്നീട് 2021 ജൂണ്‍ 9-ന് ബൈഡന്‍ ഭരണകൂടം അത് അംഗീകരിച്ചുവെന്നും ട്രംപ് ഭരണകൂട വൃത്തങ്ങള്‍ പറയുന്നു.

അപകടത്തിന് പിന്നാലെ, ട്രക്ക് ഡ്രൈവറുടെ ഇന്ത്യന്‍ ബന്ധം ചൂണ്ടിക്കാട്ടി ഓണ്‍ലൈനില്‍ വന്‍ തോതില്‍വംശീയാധിക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്.

Content Highlights: fatal crash involving an Indian truck driver in Florida ignites a political clash USA