ലോബ്‌സ്റ്ററുകളിലെ 'നീലന്‍', 20 ലക്ഷത്തില്‍ ഒന്ന് മാത്രം; വെള്ളത്തിലേക്ക് തന്നെ തിരികെ വിട്ടു

Photo : Twitter / @LarsJohanL
Photo : Twitter / @LarsJohanL

യുഎസിലെ ലാര്‍സ്-ജൊഹാന്‍ ലാര്‍സന് മത്സ്യബന്ധനത്തിനിടെ ലഭിച്ചത് അപൂര്‍വ്വ ലോബ്‌സ്റ്ററിനെ. ലാര്‍സന്‍ ട്വിറ്ററില്‍ ജൂലായ് മൂന്നിന് ഷെയര്‍ ചെയ്ത മനോഹരമായ നീലനിറത്തിലുള്ള ലോബ്‌സ്റ്ററിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാണ്. 

'പോര്‍ട്ട്‌ലന്‍ഡില്‍ നിന്ന് പിടികൂടിയ ലോബ്‌സ്റ്ററാണിത്. കൂടുതല്‍ വലുതാകട്ടെ എന്നു കരുതി വെള്ളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു', ഫോട്ടോയ്‌ക്കൊപ്പം ലാര്‍സന്‍ കുറിച്ചു. ലാര്‍സന്റെ ട്വീറ്റിന് അഞ്ച് ലക്ഷത്തിലേറെ ലൈക്കാണ് ലഭിച്ചത്. 43,000 ലേറെ പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. നാലായിരത്തിലേറെ പേര്‍ ട്വീറ്റിന് റിപ്ലൈ നല്‍കി. 

ഇതുവരെ ഇങ്ങനൊരു ലോബ്‌സ്റ്ററിനെ കണ്ടിട്ടില്ലെന്ന് നിരവധി പേര്‍ അദ്ഭുതപ്പെട്ടപ്പോള്‍ കയ്യില്‍ കിട്ടിയ ലോബ്‌സ്റ്ററെ വെള്ളത്തിലേക്ക് തിരിച്ചയച്ചത് മണ്ടത്തരമായിയെന്ന് മറ്റു ചിലര്‍ പ്രതികരിച്ചു. സാധാരണയായി നേര്‍ത്ത ബ്രൗണ്‍ നിറത്തിലോ ചുവന്ന നിരത്തിലോ ആണ് ലോബ്‌സ്റ്ററുകള്‍ കണ്ടു വരാറുള്ളത്. 

ഇരുപത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് നീല നിറത്തിലുള്ളതിനെ കാണാന്‍ സാധിക്കുക എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെയ്‌നിലെ ലോബ്‌സ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ട് പറയുന്നു. ശരീരത്തിലെ ചില പ്രോട്ടീനുകളുടെ അളവിലുണ്ടാകുന്ന വര്‍ധനവാണ് ലോബ്‌സ്റ്ററുകളിലെ നീല വര്‍ണത്തിന് കാരണമാകുന്നത്. 


 

Content Highlights: Rare Blue Lobster, US, Viral, Malayalam News