റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് ഫിൻലൻഡിന്റെ പിന്തുണ; വിമർശകർക്ക് ചുട്ട മറുപടി നൽകി ജയശങ്കർ

ഹെൽസിങ്കി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിക്ക് ഫിൻലൻഡിൽ നിന്ന് അപ്രതീക്ഷിത പിന്തുണ. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഓയിൽ പ്രൈസ് ക്യാപ് പരിധിക്കുള്ളിൽ നിന്നാണ് ഇന്ത്യ പ്രവർത്തിച്ചതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വാൾട്ടോണൻ വ്യക്തമാക്കി. ഫിൻലൻഡിൽ നടന്ന 'കുൽതാരന്ത ടോക്സിൽ' ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത ചർച്ചയ്ക്കിടെയായിരുന്നു നിർണ്ണായക പരാമർശം.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തിയത് ലോകരാജ്യങ്ങൾ എണ്ണ വാങ്ങുന്നത് പൂർണ്ണമായും തടയാനല്ലെന്ന് എലീന വാൾട്ടോണൻ വാദിച്ചു. ആഗോള എണ്ണവിപണി തടസ്സപ്പെടുത്താതെ, റഷ്യ വലിയ ലാഭം നേടുന്നത് തടയുക എന്നതായിരുന്നു ഈ പരിധിയുടെ യഥാർത്ഥ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇതിനെ പ്രതിരോധിച്ചുവെന്നും നിശ്ചയിച്ച പരിധിക്കുള്ളിൽ നിന്നാണ് എണ്ണ വാങ്ങിയതെന്നുമുള്ള ഫിൻലൻഡിന്റെ നിലപാട് ഇന്ത്യയുടെ വാദങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കരുത്തേകുന്നു.
ചർച്ചയിൽ ഇന്ത്യയുടെ ഊർജ്ജ നയത്തെ ജയശങ്കർ ശക്തമായി ന്യായീകരിച്ചു. രാഷ്ട്രീയ താല്പര്യങ്ങളേക്കാൾ പ്രായോഗികമായ കാര്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിലയും ലഭ്യതയും നോക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022-ൽ റഷ്യയ്ക്ക് മേൽ ഉപരോധം വന്നപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ പശ്ചിമേഷ്യൻ എണ്ണ മുഴുവൻ വാങ്ങിക്കൂട്ടിയതാണ് പരമ്പരാഗത വിതരണക്കാരെ വിട്ട് റഷ്യയിലേക്ക് തിരിയാൻ ഇന്ത്യയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെ ജയശങ്കർ ചർച്ചയിൽ തുറന്നുകാട്ടി. എണ്ണവിപണി സുസ്ഥിരമാക്കുന്നതിനായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവിടെ വലിയ തത്വങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് പരിഹസിച്ച അദ്ദേഹം, ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വർഷങ്ങളായി യൂറോപ്യൻ രാജ്യങ്ങൾ വിൽക്കുന്നുണ്ടെന്നും ഇന്ത്യ ഒരിക്കലും യൂറോപ്പിനെ അപകടത്തിലാക്കിയിട്ടില്ലെന്നും യൂറോപ്യൻ വിമർശകർക്ക് മറുപടിയായി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ റഷ്യയും, ഗ്യാസ് വിതരണക്കാർ അമേരിക്കയുമാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം എണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ജയശങ്കർ വ്യക്തമാക്കി.
Content Highlights: Finnish FM Elina Valtonen defends India's Russian oil imports, stating they align with Western price caps.