പണപ്പെരുപ്പം കൂടി, വിലക്കയറ്റം ഉടൻ; ട്രംപിന്റെ തീരുവയുദ്ധത്തിന്റെ തീച്ചൂടിൽ അമേരിക്ക

വാഷിങ്ടൺ: യുഎസിലെ മൊത്തവ്യാപാര തലത്തിലുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം വർധിച്ചതായി പുതിയ കണക്കുകൾ പുറത്തുവന്നു. 2022 ജൂണിന് ശേഷം പ്രതിമാസ നിരക്കിൽ ഏറ്റവും വേഗത്തിലാണ് വിലകൾ ഉയർന്നിരിക്കുന്നത്. ജൂലൈയിൽ ഉത്പാദകർക്കും നിർമ്മാതാക്കൾക്കും ചെലവുകൾ കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്.
താമസിയാതെ അമേരിക്കയിൽ വൻവിലവർധന ഉണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉത്പാദകർക്ക് ലഭിക്കുന്ന വിലകളിലെ ശരാശരി മാറ്റം അളക്കുന്ന ഏറ്റവും പുതിയ ഉത്പാദക വില സൂചിക (പിപിഐ) ജൂണിൽനിന്ന് 0.9% വർധിച്ച് 3.3% ആയി ഉയർന്നുവെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വരുംമാസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്ന വിലകളുടെ സൂചനയായി പിപിഐയെ കണക്കാക്കാം.
ഉത്പാദകർ പണപ്പെരുപ്പത്തിന്റെ തീച്ചൂട് അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധൻ ക്രിസ് റപ്കി അഭിപ്രായപ്പെട്ടത്. 'താരിഫുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകൾ, ഉത്പാദകർ പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ അധികസമയം വേണ്ടിവരില്ല.' അദ്ദേഹം പറയുന്നു.
ജൂലൈയിൽ വിലകൾ 0.2 ശതമാനവും വാർഷികത്തോതായി 2.4 ശതമാനവും ഉയരുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകളെ വ്യാഴാഴ്ചത്തെ കണക്കുകൾ മറികടന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ Dow 175 പോയിന്റ് (0.4%) ഇടിഞ്ഞു. S&P 500 സൂചിക 0.35 ശതമാനവും ടെക് ഭീമന്മാരുൾപ്പെട്ട നാസ്ഡാക്ക് കോമ്പോസിറ്റ് 0.3 ശതമാനവും താഴ്ന്നു.
ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം, ഇന്ധന വിലയിലെ ഇടിവ് വിലക്കയറ്റത്തെ പിടിച്ചുനിർത്തിയെങ്കിലും ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് തുടർന്നിരുന്നു.
'പിപിഐയിലുണ്ടായ വലിയ വർധന കാണിക്കുന്നത് പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയിലേക്ക് വ്യാപിക്കുന്നുണ്ടെന്നാണ്. ഈ വർധന അപ്രതീക്ഷിതവും അസുഖകരവുമാണ്. അടുത്ത മാസത്തെ ശുഭാപ്തിവിശ്വാസത്തെ ഇല്ലാതാക്കുന്ന വിവരമാണിത്.' നോർത്ത്‌ലൈറ്റ് അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ക്രിസ് സക്കറെല്ലി പറഞ്ഞു.
സെപ്റ്റംബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന വായ്പാ നിരക്ക് കുറയ്ക്കുമെന്നുള്ള വ്യാപാരികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഭക്ഷണവും ഊർജ്ജവും ഒഴികെയുള്ള പ്രധാന പിപിഐയും 0.9 ശതമാനം വർധിച്ചു. ഇതോടെ വാർഷികനിരക്ക് 3.7 ശതമാനനായി ഉയർന്നു. മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
Content Highlights: usa wholesale inflation surged in july hitting its fastest pace since june 2022 donald trump tariff