ഡ്രോയർ നിറയെ സെക്സ് ടോയ്സ്,ചുമരുകളിൽ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ; ദുരൂഹതനിറഞ്ഞ എപ്സ്റ്റീന്റെ ഫ്ളാറ്റ്

പാരീസ്: എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ആഢംബര ഫ്‌ളാറ്റിലെ ചിത്രങ്ങൾ പുറത്ത്. പാരീസിലെ ഫ്‌ളാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിവിധതരത്തിലുള്ള അലങ്കാരങ്ങളുടെയും സെക്‌സ് ടോയ്‌സുകളുടെയും ചിത്രങ്ങൾ പുറത്തുവന്നവയിലുണ്ട്. സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ഫ്രെയിം ചെയ്ത് ചുമരുകളിൽ തൂക്കിയിട്ട നിലയിലും കാണപ്പെടുന്നു. ഫ്രഞ്ച് പത്രമായ ലെ പാരീസിയനാണ് ഇത് പുറത്തുവിട്ടത്.
ഒട്ടേറെ ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നുവെന്ന് കരുതപ്പെടുന്നയിടമാണ് ഈഫ്‌ളാറ്റ്. ഈ ആഢംബര ഫ്‌ളാറ്റ് 2001 ലാണ് എപ്സ്റ്റീൻ വാങ്ങുന്നത്. കർട്ടനുകളും ലൈറ്റുകളും വിവിധ ചുമർ ചിത്രങ്ങളും കൊണ്ട് മുറികൾ നിറഞ്ഞിരിക്കുകയാണ്. മസാജ് ചേമ്പറുകളും വിവിധ സെക്‌സ് ടോയ്‌സുകൾ കൊണ്ട് നിറഞ്ഞ ഡ്രോയറുകളും പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. ഏറെ ദുരൂഹതകൾ നിറഞ്ഞ സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
എപ്സ്റ്റീന്റെ പാരീസിലെ ഈ ഫ്‌ളാറ്റിൽവെച്ചാണ് സുഹൃത്തായ ജീൻ ലൂക്ക് ബ്രൂണൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. കുട്ടിയെ ബലാത്സംഗം ചെയ്തതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയതിനുമുൾപ്പെടെ അന്വേഷണം നേരിട്ടയാളാണ് ജീൻ. എന്നാൽ കേസിൽ വിചാരണ നടക്കുന്നതിനിടെ ജയിലിൽവെച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതായാണ് അധികൃതർ നൽകിയ വിശദീകരണം. സമാനമായ രീതിയിൽ എപ്‌സറ്റീനേയും 2019 ൽ ജയിലിൽ വെച്ച് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ജെഫ്രി എപ്സ്റ്റീൻ പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്.
എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വീട്ടിൽ ലൈംഗികപീഡനത്തിന് 14-കാരി ഇരയായി എന്ന കേസിൽ 2005-ലാണ് ഇയാളുടെപേരിൽ ആദ്യം അന്വേഷണമുണ്ടായത്. 35 പെൺകുട്ടികളും സമാനകാര്യം പോലീസിനോടു പറഞ്ഞു. എന്നാൽ, അന്ന് 18 മാസം ജയിലിൽകിടന്ന എപ്‌സ്റ്റീൻ ഒത്തുതീർപ്പു കരാറുണ്ടാക്കി പുറത്തിറങ്ങി. പിന്നീട് 2019 ജൂലായിൽ മറ്റൊരു ലൈംഗികക്കുറ്റകൃത്യക്കേസിലാണ് അറസ്റ്റിലായത്. പിന്നീട് വിചാരണകാത്ത് ന്യൂയോർക്കിലെ ജയിലിൽ കഴിയവേയാണ് ആത്മഹത്യചെയ്യുന്നത്. എപ്‌സ്റ്റീനുവേണ്ടി പെൺകുട്ടികളെ കണ്ടെത്തുകയും ലൈംഗികാതിക്രമങ്ങളിൽ പങ്കാളിയാകുകയും ചെയ്തു എന്ന കുറ്റത്തിന് കൂട്ടാളി ഗിസ്‌ലെയ്ൻ മാക്സ്‌വെൽ 20 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണ്.
അതേസമയം എപ്‌സ്റ്റീൻ പ്രമുഖർക്ക് ലൈംഗികാവശ്യത്തിനായി ആളെക്കൊടുക്കുന്ന ശൃംഖല നടത്തിയിരുന്നു എന്നതിന് തെളിവില്ലെന്നാണ് അടുത്തിടെ എഫ്.ബി.ഐ കണ്ടെത്തിയത്. ന്യൂയോർക്കിലും ഫ്ലോറിഡയിലും വെർജിൻ ദ്വീപുകളിലുമുള്ള എപ്‌സ്റ്റീന്റെ വീടുകളിൽനിന്നു പിടിച്ചെടുത്ത ഫോട്ടോകളിലും വീഡിയോകളിലും ആരെയെങ്കിലും ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയോ എന്തെങ്കിലും കുറ്റകൃത്യം നടന്നതിന്റെയോ തെളിവില്ലെന്നും യു.എസ്. നീതിന്യായവകുപ്പിന്റെ രേഖ പറയുന്നു.
Content Highlights: Photos of nude women, sex toys, massage table epsteins paris mansion photos