പാകിസ്താനിൽ പി.ടി.ഐ.യുടെ അവസാന പ്രവിശ്യാ സർക്കാരിനും അന്ത്യം; ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ

#ന്യൂസ് ഡെസ്ക്
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി അനുയായികൾ, 2026 ഒക്ടോബർ 7-ന് പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ഖൈബർ ജില്ലയിൽ നടന്ന റാലിയിൽ പങ്കെടുക്കുന്നു | Photo by Abdul MAJEED / AFP
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി അനുയായികൾ, 2026 ഒക്ടോബർ 7-ന് പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ഖൈബർ ജില്ലയിൽ നടന്ന റാലിയിൽ പങ്കെടുക്കുന്നു | Photo by Abdul MAJEED / AFP

ഇസ്‍ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ.) ഭരിച്ചിരുന്ന ഏക പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ (Khyber Pakhtunkhwa) അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ ഭരണം ഏർപ്പെടുത്തി. പ്രസിഡന്റ് ആസിഫ് അലി സർദാരി ഞായറാഴ്ച ഇതിന് അംഗീകാരം നൽകി. ഇതോടെ, മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പ്രവിശ്യാ സർക്കാരിന്റെ അധികാരങ്ങൾ അവസാനിച്ചു. ഭീകരാക്രമണങ്ങൾ വർധിക്കുന്നതും ക്രമസമാധാനനില തകരുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാർ നടപടി സ്വീകരിച്ചത്. ഇതോടെ, രാജ്യത്ത് തങ്ങൾക്ക് അധികാരമുണ്ടായിരുന്ന ഏക പ്രവിശ്യയും പി.ടി.ഐ.ക്ക് നഷ്ടമായി.

പാകിസ്താൻ ഭരണഘടനയിലെ 232, 234 അനുച്ഛേദങ്ങൾ പ്രകാരമാണ് അടിയന്തരാവസ്ഥയും ഗവർണർ ഭരണവും പ്രഖ്യാപിച്ചത്. പ്രവിശ്യയുടെ ഭരണനിർവഹണത്തിനായി ഗവർണറുടെ നേതൃത്വത്തിൽ 11 അംഗ ഉപദേശക സമിതി രൂപവത്കരിച്ചു. പ്രവിശ്യയിലെ 12 ജില്ലകളുടെ ഭരണനിർവഹണത്തിനായി പ്രത്യേക സെക്രട്ടേറിയറ്റും സ്ഥാപിച്ചു. ക്രമസമാധാനം നിലനിർത്താൻ സൈന്യത്തെ വിന്യസിക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ആറുമാസം ഗവർണർ ഭരണം തുടരാനാണ് തീരുമാനമെന്ന് നിയമമന്ത്രി അസം നസീർ തരാർ വ്യക്തമാക്കി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പി.ടി.ഐ. സർക്കാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് ഫെഡറൽ സർക്കാരിന്റെ ആരോപണം. സർക്കാർസ്ഥാപനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും സുരക്ഷാസേനയ്ക്കും നേരേയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും പ്രവിശ്യാ ഭരണസംവിധാനം ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ, ഭീകരവാദം ചെറുക്കാൻ ആവശ്യമായ ഫണ്ടും ഉപകരണങ്ങളും കേന്ദ്രം നൽകിയിട്ടില്ലെന്നാണ് പി.ടി.ഐ.യുടെ മറുപടി. സർക്കാരിന്റെ നടപടി അടിയന്തരാവസ്ഥയുടെ മറവിലുള്ള അട്ടിമറിയാണെന്ന് ഇമ്രാൻ ഖാന്റെ വക്താവ് സുൽഫിക്കർ ബുഖാരി ആരോപിച്ചു. പി.ടി.ഐ.യുടെ രാഷ്ട്രീയസ്വാധീനം ദുർബലപ്പെടുത്താനാണ് നീക്കമെന്നും പാർട്ടി കുറ്റപ്പെടുത്തി.

‍ജയിലിൽക്കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനവും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കലും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിൽ ഇസ്‍ലാമാദിലേക്ക് ലോങ് മാർച്ച് തുടരുന്നതിനിടെയാണ് നടപടി. ഒക്ടോബർ നാലിന് ലക്കി മർവാത്തിൽനിന്ന് ആരംഭിച്ച മാർച്ച് ഇസ്ലാമാബാദിലെത്തി സമരം നടത്താനായിരുന്നു പി.ടി.ഐ. നീക്കം. എന്നാൽ, പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് കടത്തിവിടില്ലെന്ന് ഫെഡറൽ സർക്കാർ അറിയിച്ചതോടെ പ്രധാന റോഡുകൾ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം അഫ്രീദിയെയും പ്രവിശ്യാ പി.ടി.ഐ. അധ്യക്ഷൻ ജുനൈദ് അക്ബറിനെയും അറസ്റ്റ് ചെയ്തതായി പാർട്ടി നേതാക്കൾ ആരോപിച്ചു. അഫ്ഗാനിസ്താനുമായി അതിർത്തിപങ്കിടുന്ന പ്രവിശ്യയാണ് ഖൈബർ പക്തൂൺഖ്വ.

Content Highlights: Khyber Pakhtunkhwa faces emergency as governor rule is imposed, ending PTI's provincial control due to rising terrorism and lawlessness concerns.