യുഎസ് വിവരം കൈമാറി, മെക്‌സിക്കൻ സൈന്യത്തിന്റെ ഓപ്പറേഷൻ; എൽ മെൻചോ വീണു; പൊട്ടിപ്പുറപ്പെട്ട് കലാപം

മെക്‌സിക്കോ സിറ്റി: ലോകത്തിലെതന്നെ ഏറ്റവും അപകടകാരിയായ കുറ്റവാളി- അങ്ങനെയാണ് കുപ്രസിദ്ധ മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയതലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെൻചോയെ അന്വേഷണ ഏജൻസികൾ വിശേഷിപ്പിച്ചിരുന്നത്. മെക്‌സിക്കോയിൽനിന്ന് അമേരിക്കയിലേക്കും മറ്റുരാജ്യങ്ങളിലേക്കും കൊക്കെയ്ൻ ഉൾപ്പെടെ കയറ്റുമതിചെയ്ത് എൽ മെൻചോ പടുത്തുയർത്തിയത് വമ്പൻ സാമ്രാജ്യമായിരുന്നു. ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ(സിജെഎൻജി) എന്ന ശക്തമായ മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ അധിപനായ എൽ മെൻചോയെ ഒടുവിൽ മെക്‌സിക്കൻ സൈന്യം വധിച്ചിരിക്കുകയാണ്. ഞായറാഴ്ച മെക്‌സിക്കൻ പട്ടണമായ തപാൽപയിൽ നടന്ന ഏറ്റുമുട്ടലിലാണ് എൽ മെൻചോ കൊല്ലപ്പെട്ടത്.
സിജെഎൻജിയുടെ ആസ്ഥാനമായ ജാലിസ്‌കോയിലെ പട്ടണമായ തപാൽപയിൽ നടന്ന ഏറ്റുമുട്ടലിലാണ് എൽ മെൻചോ കൊല്ലപ്പെട്ടതെന്ന് മെക്‌സിക്കൻ അധികൃതർ സ്ഥിരീകരിച്ചു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ എൽ മെൻചോയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും തുടർന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചെന്നുമാണ് വിശദീകരണം. ഏറ്റുമുട്ടലിൽ മാഫിയാ സംഘാംഗങ്ങളായ ഒൻപതുപേർ കൊല്ലപ്പെട്ടതായാണ് അധികൃതർ പറയുന്നത്. ഏറ്റുമുട്ടലിൽ എൽ മെൻചോ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം പിന്നീട് മരിച്ചതായും മെക്‌സിക്കൻ നാഷണൽ ഡിഫൻസ് സെക്രട്ടറിയേറ്റ് അറിയിച്ചു.
സിജെഎൻജി അംഗങ്ങളായ രണ്ടുപേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പിടിച്ചെടുത്തു. സിജെഎൻജിയുടെ അത്യാധുനിക കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ളവയും സൈന്യം കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
മെക്‌സിക്കൻ അപാരത....
വർഷങ്ങളോളമായി അന്വേഷണ ഏജൻസികളെ കബളിപ്പിച്ച് മുങ്ങിനടക്കുന്ന എൽ മെൻചോയെ വധിക്കാനായത് മെക്‌സിക്കോയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. മെക്‌സിക്കോയിൽനിന്ന് മയക്കുമരുന്ന് കയറ്റുമതിചെയ്യുന്നതായും മെക്‌സിക്കോയ്‌ക്കെതിരേ ആക്രമണമുണ്ടാകുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയും സമ്മർദവും തുടരുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അതേസമയം, എൽ മെൻചോയെ വധിച്ച സൈനിക നടപടി പൂർണമായും മെക്‌സിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങൾ കൈമാറി യുഎസ് സഹായം നൽകിയെങ്കിലും അമേരിക്കൻ സൈന്യം നേരിട്ട് ഓപ്പറേഷനിൽ പങ്കെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. യുഎസിന്റെ ഇന്റലിജൻസ് സഹായം തേടിയിരുന്നതായി മെക്‌സിക്കൻ സർക്കാരും സ്ഥിരീകരിച്ചു.
എൽ മെൻചോയ്‌ക്കെതിരായ സൈനിക നീക്കത്തിന് യുഎസ് സർക്കാർ ഇന്റലിജൻസ് സഹായം നൽകിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പ്രതികരിച്ചു. മെക്‌സിക്കോയുടെയും യുഎസിന്റെയും ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു എൽ മെൻചോ. യുഎസിലേക്ക് ഫെന്റാനൈൽ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കടത്തുന്നതിൽ പ്രധാനിയായിരുന്നു എൽ മെൻചോ. ഇയാൾക്കെതിരേ മെക്‌സിക്കൻ സൈന്യം നടത്തിയ ഓപ്പറേഷനെ അഭിനന്ദിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
പൊട്ടിപ്പുറപ്പെട്ട് കലാപം...
എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്‌സിക്കോയിൽ കലാപവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. എൽ മെൻചോയുടെ അനുകൂലിക്കുന്നവർ വ്യാപകമായി തെരുവിലിറങ്ങിയതോടെ രാജ്യത്തെ പലഭാഗങ്ങളിലും സംഘർഷം രൂക്ഷമായി.
അക്രമികൾ നിരവധി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. സൈനികനീക്കം ഉൾപ്പെടെ തടയുംവിധം ഗതാഗതവും തടസ്സപ്പെടുത്തി. റോഡുകളിലും തെരുവുകളിലും അക്രമികൾ അഴിഞ്ഞാടി. ഫുട്‌ബോൾ ലോകകപ്പിന് ആതിഥ്യമുളരുന്ന മെക്‌സിക്കൻ നഗരങ്ങളിലും സംഘർഷം രൂക്ഷമാണ്. രാജ്യത്തെ പല വിമാനത്താവളങ്ങളിൽനിന്നും വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി. കലാപം വ്യാപകമായതോടെ ഇന്ത്യയും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മെക്‌സിക്കോയിലുള്ള തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights: Mexico`s most notorious drug lord, El Mencho, head of the CJNG cartel, has been killed by the Mexican army. Learn more about his capture and the aftermath.