വനിതകൾ ‘കാഴ്ചയിൽപ്പെടരുതെ’ന്ന് നിർദേശം: ഹൈന്ദവസംഘത്തിന്റെ സന്ദർശനത്തിൽ വിവാദം; ഈഫൽ ടവർ അടച്ചിട്ടു

പാരീസ്: ഹിന്ദു മതസംഘടനാ പ്രതിനിധി സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണത്തിൽ പാരീസിലെ ഈഫൽ ടവറിൽ ജീവനക്കാരുടെ പണിമുടക്ക്. ജീവനക്കാർ പണിമുടക്കിയതോടെ ടവർ താൽക്കാലികമായി അടച്ചു. ലിംഗവിവേചനപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിയതെന്നും ഇതോടെ ടവർ പൂർണമായും അടച്ചിട്ടതായും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി.
ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് വിവാദത്തിൽ കലാശിച്ചത്. പാരീസ് നഗരപ്രാന്തത്തിൽ പുതുതായി നിർമിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി ഫ്രാൻസിലെത്തിയ ബി.എ.പി.എസ്. സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ടവർ സന്ദർശിച്ചിരുന്നു. ഈ സ്വകാര്യ സന്ദർശനത്തിൽ വനിതകൾ ‘കാഴ്ചയിൽപ്പെടരുതെന്ന്’ നിർദേശം നൽകിയെന്നാണ് ആക്ഷേപം.
ബി.എ.പി.എസ്. സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്താനും അവരുടെ സാന്നിധ്യം ഒഴിവാക്കാനും നിർദേശമുണ്ടായിരുന്നുവെന്ന് ജീവനക്കാർ പ്രസ്താവനയിൽ ആരോപിച്ചു. ഇത് ലിംഗവിവേചനപരമായ നടപടിയാണെന്നും വനിതാ ജീവനക്കാരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തി പകരം ആളുകളെ നിയമിച്ചത് വേദനിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.
ടവറിലെ ജീവനക്കാരായ സ്ത്രീകളെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതകളെയും സംഘത്തിന്റെ സന്ദർശനവേളയിൽ മാറ്റാൻ നിർദേശങ്ങൾ നൽകിയിരുന്നുവെന്ന് പ്രസ്താവനയിലുണ്ട്. സംഘം സന്ദർശനത്തിന് എത്തിയ സമയത്ത് ടവറിലെ ചില പ്രത്യേക സ്ഥലങ്ങളിലൂടെ കടന്നുപോകരുതെന്ന് വനിതാ ജീവനക്കാർക്കെല്ലാം കർശന നിർദേശം നൽകിയിരുന്നതായും പ്രസ്താവനയിൽ ആരോപിക്കുന്നു.
സ്ത്രീകളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് സംഘം സന്ദർശനവേളയിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഈഫൽ ടവറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയായ ‘സെറ്റെ’ സമ്മതിച്ചു. എന്നാൽ, ഇത്തരം ഒരു നിബന്ധന തങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ മൂല്യങ്ങൾക്കോ സ്ത്രീ-പുരുഷ തുല്യതാ തത്ത്വങ്ങൾക്കോ നിരക്കാത്തതാണ് ഈ നിബന്ധനകളെന്നും ഇതിന്റെ അനന്തരഫലങ്ങൾ നേരിടാൻ തങ്ങൾ തയ്യാറാണെന്നും കമ്പനി അറിയിച്ചു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം ആരംഭിക്കുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗറി അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധം ന്യായമാണെന്നും അസംതൃപ്തി മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രതിഷേധത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും പൂർണമായി പുറത്തുകൊണ്ടുവരുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫ്രഞ്ച് മന്ത്രി ഒറോർ ബെർഷെയും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബി.എ.പി.എസ്. പ്രസ്താവനയിലൂടെ വ്യക്തമാക്കി. മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ടവർ തുറക്കുന്ന സാധാരണ സമയത്തിന്റെ തുടക്കത്തിൽ ഈഫൽ ടവർ അധികൃതരുമായി സഹകരിച്ചാണ് സന്ദർശനം ക്രമീകരിച്ചത്. ഞങ്ങളുടെ അറിവിൽ ആർക്കും ടവറിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടില്ല. പക്ഷേ, സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നെന്നും ബി.എ.പി.എസ്. പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: The Eiffel Tower in Paris was temporarily closed after employees went on strike to protest allegations that female staff members were sidelined and restricted from certain areas during a private visit by a Hindu religious organization.