ഈഫൽ ടവർ വിവാദം: ഫ്രാൻസിൽ വൻ പ്രതിഷേധം; തുല്യതയിൽ വിട്ടുവീഴ്ചയില്ലെന്ന് രാഷ്ട്രീയ നേതൃത്വം

പാരീസ്: ഈഫൽ ടവറിൽ ഹിന്ദു മതസംഘടനയുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വൻ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. ലിംഗവിവേചനപരമായ ഈ നടപടിക്കെതിരെ ടവർ മാനേജ്മെന്റിനെതിരെ ഫ്രാൻസിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കടുത്ത അമർഷത്തിലാണെന്ന് പാരീസിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തകൻ യോഗേഷ് കുഞ്ഞിരാമൻ (യോഗി) മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
തുല്യതയ്ക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്ന സമൂഹമാണ് ഫ്രാൻസെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നതാണ് ഫ്രാൻസിന്റെ ഔദ്യോഗിക ആപ്തവാക്യംതന്നെ. ഇത്തരമൊരു സാഹചര്യമുള്ള രാജ്യത്ത് സ്ത്രീകളെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ ആരാണ് അനുമതി നൽകിയതെന്ന വലിയ ചോദ്യമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരേസ്വരത്തിൽ ഉന്നയിക്കുന്നതെന്നും യോഗേഷ് കുഞ്ഞിരാമൻ വ്യക്തമാക്കി. സംഭവത്തിൽ എല്ലാ പാർട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിൽ മാനേജ്മെന്റ് ഇതിനകംതന്നെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഫ്രാൻസിന്റെ മതേതര മൂല്യങ്ങൾ ഇന്ത്യയുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിൽ എല്ലാ മതങ്ങളെയും ഒരുപോലെ സ്വീകരിക്കുകയും ഭരണകൂടം എല്ലാവരെയും തുല്യമായി കാണുകയും ചെയ്യുമ്പോൾ, ഫ്രാൻസ് മതത്തെയും അതിന്റെ ചിഹ്നങ്ങളെയും പൊതുജീവിതത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തിയിരിക്കുന്നു.
ഈഫൽ ടവർ ഒരു ദേശീയ സ്മാരകവും പൊതുസ്ഥലവുമാണ്. അതുകൊണ്ടുതന്നെ അവിടെ സ്ത്രീകളെ മാറ്റിനിർത്തിയത് ഫ്രഞ്ച് ജനതയുടെ സമത്വ സങ്കൽപ്പങ്ങൾക്കും മതേതര മൂല്യങ്ങൾക്കും എതിരായ വലിയ വെല്ലുവിളിയായാണ് കണക്കാക്കുന്നത്. ഫ്രാൻസിന്റെ ഔദ്യോഗിക ചിഹ്നം 'മരിയാനെ' (Marianne) എന്ന സ്ത്രീയാണെന്നിരിക്കെ ഈ ലിംഗവിവേചനം ഫ്രഞ്ച് സമൂഹത്തിന്റെ വികാരങ്ങളെയാണ് ആഴത്തിൽ നോവിച്ചിരിക്കുന്നത്’, യോഗി പറഞ്ഞു.
ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ ഈഫൽ ടവർ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ നിർദ്ദേശം നൽകിയെന്നാണ് വിവാദവിഷയം. സ്ത്രീകളെ മാറ്റിനിർത്താനുള്ള നിർദ്ദേശം ലിംഗസമത്വത്തിനും ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്കും എതിരാണെന്നും ജീവനക്കാരെ അപമാനിക്കുന്നതാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ഈഫൽ ടവറിലെ ജീവനക്കാർ ഒന്നടങ്കം പണിമുടക്കി. ഇതേത്തുടർന്ന് ടവർ താൽക്കാലികമായി അടച്ചിടേണ്ടിവന്നുവെങ്കിലും പിന്നീട് തുറന്നു.
എങ്കിലും സംഭവത്തെച്ചൊല്ലിയുള്ള പ്രതിഷേധം പാരീസിൽ ഇപ്പോഴും ശക്തമായി പുകയുകയാണ്. ഫ്രാൻസിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളെല്ലാം സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിൽ ഒരു സംസ്കാരത്തിനോ വിശ്വാസത്തിനോ മതത്തിനോ, ആർക്കും തന്നെ സ്ത്രീകളുടെ സ്ഥാനം എവിടെയാണെന്ന് കൽപിച്ചു നൽകാൻ കഴിയില്ലെന്ന് മുൻ പ്രധാനമന്ത്രിയും 2027-ലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഗബ്രിയേൽ അത്താൽ വ്യക്തമാക്കി.
സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നത് ഫ്രാൻസിൽ ഒരിക്കലും അംഗീകരിക്കില്ലെന്ന് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെൻ പ്രഖ്യാപിച്ചു. ഫ്രാൻസിൽ ഞങ്ങൾ സ്ത്രീകളോട് പിന്നിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെടാറില്ലെന്ന് സഹമന്ത്രി ഔറോർ ബെർഷെയും പറഞ്ഞു. ഫ്രാൻസിൽ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ പൂർണമായ സ്വാതന്ത്ര്യമുണ്ടെന്നും അതിന്റെ കാര്യത്തിൽ ആരോടും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രോൺ-പിവെയും വ്യക്തമാക്കി.
ഈഫൽ ടവറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ നടപടിയെ തീവ്ര ഇടതുപക്ഷ എം.പി. റോഡ്രിഗോ അരീനാസ് ശക്തമായി വിമർശിച്ചു. ഇതിന്റെ 99 ശതമാനം ഓഹരികളും പാരീസ് നഗരസഭയുടെയും ഒരു ശതമാനം ഗ്രേറ്റർ പാരീസ് മെട്രോപൊളിറ്റൻ ഏരിയയുടേതുമാണ്. ഇവിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ എടുത്ത തീരുമാനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു പ്രതിനിധിസംഘത്തിന്റെ ഇത്തരം വ്യവസ്ഥകൾ അനുവദിച്ചുകൊടുത്തത് ഒട്ടും വെച്ചുപൊറുപ്പിക്കാൻ സാധിക്കാത്തതാണെന്ന് പാരീസിലെ സോഷ്യലിസ്റ്റ് മേയർ ഇമ്മാനുവൽ ഗ്രെഗ്വാറും വ്യക്തമാക്കി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പ്രതിഷേധം ആളിക്കത്തിയതോടെ പാരീസ് ഭരണകൂടം നേരിട്ട് ഇടപെടുകയും ഇത്തരം വിവേചനങ്ങൾ അനുവദിക്കില്ലെന്നും സംഭവത്തിൽ ഉടനടി അന്വേഷണം നടത്തുമെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇത്തരം വിവേചനപരമായ വ്യവസ്ഥകൾ അംഗീകരിച്ചത് തങ്ങൾക്ക് പറ്റിയ വലിയ തെറ്റാണെന്ന് ഈഫൽ ടവർ ഓപ്പറേഷൻ കമ്പനിയായ ‘സെറ്റെ’ തുറന്നു സമ്മതിക്കുകയും തങ്ങളുടെ ജീവനക്കാരോട് പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു.