'മസ്കുമായുള്ള എല്ലാ ബന്ധവും തീർന്നു, ഡെമോക്രാറ്റുകൾക്ക് ഫണ്ട്നൽകിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും'

ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക്| Photo Credit: AFP
ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക്| Photo Credit: AFP

വാഷിങ്ടണ്‍: വ്യവസായിയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ  (Doge) മുന്‍മേധാവിയുമായ ഇലോണ്‍ മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മസ്‌കിന് ട്രംപ് മുന്നറിയിപ്പ് നല്‍കി.  എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌കുമായുള്ള പോരിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. 

'വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ പ്രശ്‌നം പരിഹരിച്ചു തരാം'; ട്രംപിനോടും മസ്കിനോടും മുൻ റഷ്യൻ പ്രസിഡന്റ്

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് മസ്‌കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. ബജറ്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ മസ്‌ക് നടത്തിയ ആദ്യ പരസ്യവിമര്‍ശനത്തിനു പിന്നാലെ ഡോജില്‍ നിന്ന് മസ്‌ക് രാജിവച്ചു. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബില്‍ നിരാശാജനകമാണെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് തുറന്നുപറഞ്ഞു. അത് ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് മസ്‌കിന്റെ പക്ഷം. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന ട്രംപിന്റെ വിശേഷണത്തെയും മസ്‌ക് പരിഹസിച്ചു. 

ട്രംപിന്റെ തീരുവയുദ്ധത്തോടും മസ്‌കിന് ഭിന്നതയുണ്ടായിരുന്നു. തീരുവകള്‍ പിന്‍വലിക്കണമെന്ന് മസ്‌ക് ട്രംപിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അവിടം മുതല്‍ തുടങ്ങിയതാണ് മസ്‌ക്-ട്രംപ് ബന്ധത്തിലെ അസ്വാരസ്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം മസ്‌ക് ഡോജിലുണ്ടായിരുന്ന കാലയളവും പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ആയിരക്കണക്കിന് ഫെഡറല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍, വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കല്‍, അവര്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കല്‍ എന്നിവയൊക്കെക്കൊണ്ട് കലുഷിതമായിരുന്നു മസ്‌കിന്റെ 'ഡോജ്കാലം'.

ജനുവരിയില്‍ ഡോജ് മേധാവിയായി ചുമതലയേറ്റ മസ്‌ക് എല്ലാ വകുപ്പിലും സമൂലമായ ചെലവുചുരുക്കല്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചു. അവ നടപ്പാക്കുന്നില്ലെന്നു പറഞ്ഞ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അടക്കമുള്ള വകുപ്പുമേധാവികളുമായി കൊമ്പുകോര്‍ത്തു. മസ്‌കിന്റെ രാഷ്ട്രീയപരിജ്ഞാനമില്ലായ്മയെ അവരും വെല്ലുവിളിച്ചു. ഏപ്രില്‍ അവസാനത്തോടെ ഡോജും സര്‍ക്കാരും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ സര്‍ക്കാര്‍ ചെലവുകളില്‍ രണ്ടുലക്ഷം കോടി ഡോളര്‍ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ-സാമൂഹിക പ്രതിബന്ധങ്ങളെത്തുടര്‍ന്ന് അത് പൂര്‍ത്തീകരിക്കാന്‍ മസ്‌കിനായില്ല. പിന്നീട് ലക്ഷ്യം ഒരു ലക്ഷം കോടി ഡോളറാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, പടിയിറങ്ങുമ്പോഴേക്കും 15,000 കോടി ഡോളര്‍ കുറയ്ക്കാനേ മസ്‌കിന് സാധിച്ചുള്ളൂ.

ഇതിനിടയില്‍ ഇടിത്തീ വീണ പോലെ ടെസ്ലയുടെ ഓഹരിവിലയും ഇടിഞ്ഞു. അതിനുപുറമേ മസ്‌ക് ലഹരിയുപയോഗിക്കാറുണ്ടെന്ന ആരോപണങ്ങളും പിന്നാലെ വന്‍വിമര്‍ശനവും ഉയര്‍ന്നു. അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്സ് ടേപ്പുകളില്‍ ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണവുമായി മസ്‌ക് രംഗത്ത് വന്നതും വലിയ വിവാദമായി. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. 'ബിഗ് ബോംബ്' എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്. ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം  ഏറ്റെടുക്കുകയും വലിയ രാഷ്ട്രീയകോലാഹലം ഉണ്ടാക്കുകയും ചെയ്തു.  ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം എക്‌സില്‍ നിന്നും ഈ വിവാദ പോസ്റ്റുകള്‍ മസ്‌ക് നീക്കം ചെയ്തു.  ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlights: Trump says relationship over with Musk; warns him of 'Serious Consequences' If He Backs Democrats