ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണം; യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

ഡൊണാള്‍ഡ് ട്രംപ് | ഫയല്‍ചിത്രം | Photo: AP
ഡൊണാള്‍ഡ് ട്രംപ് | ഫയല്‍ചിത്രം | Photo: AP

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥനെയും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധിസംഘം കഴിഞ്ഞദിവസം വാഷിങ്ടണില്‍ എത്തിയിരുന്നു. ഇതിനിടെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ട്രംപ് പുതിയ അഭ്യര്‍ഥന നടത്തിയതെന്നാണ് വിവരം. ''നമുക്ക് എല്ലാവര്‍ക്കും അവര്‍ക്കെതിരേ നാടകീയമായ തീരുവകള്‍ ചുമത്താം. ചൈന റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് സമ്മതിക്കുന്നതുവരെ തീരുവകള്‍ തുടരാം. അവര്‍ക്ക് എണ്ണ വാങ്ങാൻ കഴിയുന്ന മറ്റുസ്ഥലങ്ങള്‍ കുറവാണ്'', ട്രംപ് പറഞ്ഞു. 

യുക്രൈനെതിരേ യുദ്ധംചെയ്യുന്ന റഷ്യയില്‍നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണെന്നാണ് ട്രംപിന്റെ ആരോപണം. അതിനാല്‍തന്നെ ഇരുരാജ്യങ്ങള്‍ക്കും എതിരേ ശിക്ഷാനടപടിയായി തീരുവകള്‍ ചുമത്തുമെന്നും ട്രംപ് നിരന്തരം ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ തീരുവ ഉയര്‍ത്തുകയും ചെയ്തിരുന്നു.

Content Highlights: Trump urged the EU to impose 100% tariffs on India and China to pressure Russia