മൂന്ന് അനിഷ്ടസംഭവങ്ങള്‍, യുഎന്നില്‍ തനിക്കെതിരേ നടന്നത് അട്ടിമറിയെന്ന് ട്രംപ്; ഗൂഢാലോചനയെന്നും ആരോപണം

വാഷിങ്ടണ്‍: യുഎന്‍ ആസ്ഥാനത്ത് താന്‍ മൂന്ന് അനിഷ്ടസംഭവങ്ങള്‍ക്ക് ഇരയായെന്നും ഇക്കാര്യങ്ങള്‍ സീക്രട്ട് സര്‍വീസ് പരിശോധിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്നുസംഭവങ്ങളിലും ഗൂഢാലോചനയുണ്ടെന്നും താന്‍ അസ്വസ്ഥനാണെന്നും ഇതിനുപിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഡൊണാള്‍ഡ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കാനായി എത്തിയപ്പോള്‍ എസ്കലേറ്റര്‍ നിലച്ച സംഭവമാണ് ട്രംപ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കയറിയ ഉടന്‍ യുഎന്‍ ആസ്ഥാനത്തെ എസ്കലേറ്റര്‍ നിലച്ചത് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇരുവരും പടികള്‍ ചവിട്ടിക്കയറുകയായിരുന്നു.
എന്നാല്‍, ഈ സംഭവം തീര്‍ത്തും അട്ടിമറിയാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇതിനുപിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, യുഎസ് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന ഒരു വീഡിയോഗ്രാഫറാണ് ട്രംപിന് മുന്‍പായി എസ്കലേറ്ററില്‍ കയറിയതെന്നും അബദ്ധത്തില്‍ അദ്ദേഹം 'സ്റ്റോപ്പ്' ബട്ടണ്‍ പ്രവര്‍ത്തിപ്പിച്ചതാണ് എസ്കലേറ്റര്‍ നിലയ്ക്കാന്‍ കാരണമായതെന്നുമാണ് യുഎന്‍ വക്താവിന്റെ വിശദീകരണം.
പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായതാണ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്ന രണ്ടാമത്തെ സംഭവം. എന്നാല്‍, യുഎസ് പ്രസിഡന്റിന്റെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പൂര്‍ണ ഉത്തരവാദിത്വം വൈറ്റ്ഹൗസിനാണെന്നായിരുന്നു പേര് വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു യുഎന്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം.
താന്‍ പ്രസംഗിക്കുന്നതിനിടെ ശബ്ദം നിലച്ചുപോയെന്നും ഇയര്‍പീസുകളിലെ തകരാര്‍ കാരണം പലര്‍ക്കും പ്രസംഗം കേള്ക്കാനായില്ലെന്നുമാണ് ട്രംപ് ചൂണ്ടിക്കാട്ടിയ മൂന്നാമത്തെ സംഭവം. തന്റെ ഭാര്യ മെലാനിയ ട്രംപിന് അടക്കം തന്റെ പ്രസംഗം വ്യക്തമായി കേള്‍ക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നുസംഭവങ്ങളും യാദൃശ്ചികമല്ലെന്നും ഇതെല്ലാം അട്ടിമറിയാണെന്നുമാണ് യുഎസ് പ്രസിഡന്റ് ആരോപിക്കുന്നത്. എസ്കലേറ്റര്‍ നിലച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോടേപ്പുകള്‍ സൂക്ഷിക്കാനായി യുഎന്നിനോട് ആവശ്യപ്പെട്ടതായും സീക്രട്ട് സര്‍വീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Trump alleges 3 incidents at UN were sabotage, including escalator malfunction and tech issues during speech. Secret Service investigating.