12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.പി.
ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.പി.

വാഷിങ്ടണ്‍: 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. 

ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.  ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്. രണ്ടും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

കൊളറാഡോയിലെ ബൗള്‍ഡറില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.
 

Content Highlights: donald trump travel ban us issues full entry ban on 12 countries