ഇറാൻ സൃഷ്ടിക്കുന്ന തലവേദന മറികടക്കണം, ഇന്ത്യാ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് ഇടനാഴിയെ പിന്തുണച്ച് ട്രംപ്

#ന്യൂസ് ഡെസ്‌ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി(ഐഎംഇസി)യെ തന്റെ ഭരണകൂടം ശക്തമായി പിന്തുണയ്ക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐഎംഇസി നിലവിൽ വരുന്നതോടെ, ഇറാൻ പ്രതിബന്ധം സൃഷ്ടിക്കുന്ന മാർഗങ്ങൾക്കപ്പുറം ഊർജകൈമാറ്റത്തിന് ആ ഇടനാഴി സഹായകമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന ജിസിസി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാണിജ്യക്കപ്പലുകൾക്കുനേരെയുള്ള ഭീകരാക്രമണങ്ങൾ, മിഡിൽ ഈസ്റ്റിലെ ഊർജകൈമാറ്റത്തെ ഇറാന് മേധാവിത്വമുള്ളിടത്തുനിന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നതായി ട്രംപ് പറഞ്ഞു. ‘അതിനാലാണ് എന്റെ ഭരണകൂടം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെയും എണ്ണ പുറത്തെത്തിക്കാനുള്ള മറ്റ് മാർഗങ്ങളെയും, അത് പൈപ്പ്ലൈനായാലും മറ്റെന്തായാലും അതിനെ ശക്തമായി പിന്തുണയ്ക്കുന്നത്. ഒരു ദശാബ്ദമായി ഈ മേഖലയെ അലട്ടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന്റെ വക്കിലാണ് നാം എത്തിനിൽക്കുന്നത്, ട്രംപ് പറഞ്ഞു.

2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഐഎംഇസി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. റെയിൽ, കപ്പൽ ഗതാഗതം, ഊർജം, ഡിജിറ്റൽ ലിങ്കുകൾ തുടങ്ങിയവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബഹുരാഷ്ട്ര സാമ്പത്തിക ഇടനാഴിയാണിത്. ഇന്ത്യ, യുഎസ്എ, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവർ ഇതിനായുള്ള എംഒയുവിൽ ഒപ്പിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കൻതീരത്തെ ഗൾഫുമായും അവിടെനിന്ന് യൂറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഐഎംഇസി.