‘ഇറാൻ ആക്രമിക്കാൻ ഉദ്ദേശ്യമില്ല’; ട്രംപ് അറിയിച്ചതായി ഇറാനിയൻ പ്രതിനിധി

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

ടെഹ്‌റാൻ: ഇറാൻ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി ഇറാന്റെ പാകിസ്താനിലെ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ ടെഹ്‌റാൻ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനിൽ നടന്നുവരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിലാണ് നയതന്ത്രപരമായ ഈ സംഭാഷണം നടന്നത്. പ്രതിഷേധങ്ങൾ കാരണം നിരവധി ആളുകൾ കൊല്ലപ്പെടുകയും പ്രാദേശിക പിരിമുറുക്കം വർധിക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച പാകിസ്താൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് മൊഘദാം പറഞ്ഞു. താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാൻ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായും മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്താൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസംവരെയും അമേരിക്ക എടുത്തിരുന്നത്. പ്രതിഷേധക്കാരോട് പ്രക്ഷോഭം തുടരാനും അവർക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. കൂടാതെ യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് ഇറാൻ വധശിക്ഷ നടപ്പാക്കുകയാണെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെ, അത്തരം വധശിക്ഷകൾ നടപ്പാക്കില്ലെന്ന് തനിക്ക് ഇറാനിലെ വളരെ പ്രധാനപ്പെട്ട സ്രോതസുകളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 'കൊലപാതകം നിർത്തലാക്കിയെന്നും വധശിക്ഷ നടപ്പാക്കില്ലെന്നും അവർ പറഞ്ഞിട്ടുണ്ട് - ഇന്ന് ധാരാളം വധശിക്ഷകൾ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ അവ നടക്കില്ല.' എന്നാണ് ട്രംപ് പറഞ്ഞത്.

ഇതെല്ലാം, യുഎസ് ഇറാനെ ആക്രമിക്കാനുള്ള സാധ്യതകളാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ്, ഇറാനെ ആക്രമിക്കാൻ താൽപര്യമില്ല എന്ന തരത്തിൽ യുഎസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും അറിയിപ്പ് ലഭിച്ചതായി ഇറാന്റെ ഒരു നയതന്ത്ര പ്രതിനിധി വെളിപ്പെടുത്തുന്നത്. അതേസമയം, ഇറാനിലെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ ന്യായമായ അവകാശമുണ്ടെന്നും സർക്കാർ പ്രക്ഷോഭകരുമായി ചർച്ചകൾ നടത്തിയെന്നും മൊഘദാം അവകാശപ്പെട്ടു.

റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ കൊലപാതകങ്ങളും പള്ളികൾക്ക് നേരെയും ആക്രമണങ്ങളും ഉൾപ്പെടെയുള്ള അക്രമങ്ങളിൽ സായുധ ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്ന് മൊഘദാം ആരോപിച്ചു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട് സൈനിക നടപടിയെക്കുറിച്ച് താൻ നിരീക്ഷിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, വ്യാഴാഴ്ച ഇറാൻ ഏതൊരു വിദേശ ഭീഷണിക്കെതിരെയും സ്വയം പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

സാമ്പത്തിക പരാതികളെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇറാന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഭിന്നാഭിപ്രായങ്ങളോട് യാതൊരു തരത്തിലുള്ള സഹിഷ്ണുതയുമില്ലാതെയുള്ള അധികാരികളുടെ അടിച്ചമർത്തൽ കാരണം ഇറാനിൽ കുറഞ്ഞത് 3,428 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. അടിച്ചമർത്തലിന്റെ ക്രൂരത മറച്ചുവെക്കാൻ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതായും അവർ ആരോപിക്കുന്നു. 

Content Highlights: Iranian Envoy Reza Amiri Moghadam says Donald Trump informed Tehran US won`t attack, urges restraint amid protests. Get the latest on this developing global situation.