‘മോദി കടുപ്പക്കാരനായ നേതാവ്, ഷി പ്രായോഗികവാദി’; താൻ ആരാധിക്കുന്ന ലോകനേതാക്കളെപ്പറ്റി ട്രംപ്

#ന്യൂസ് ഡെസ്ക്
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | PHOTO: REUTERS
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | PHOTO: REUTERS

ന്യൂഡൽഹി: താൻ ആരാധിക്കുന്ന ലോകനേതാക്കളിലൊരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിക്ക് ശേഷം ആക്സിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം.

ട്രംപ് ആരാധിക്കുന്ന ലോകനേതാക്കൾ ആരൊക്കെയാണെന്ന ചോദ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് എന്നും അദ്ദേഹം മറുപടി പറഞ്ഞു. നരേന്ദ്ര മോദിയെ ‘കടുപ്പക്കാരനായ നേതാവ്’ എന്ന് വിളിച്ച ട്രംപ്, ഷി ജിൻപിങ്ങിനെ ‘പ്രായോഗികവാദി’ എന്നും വിശേഷിപ്പിച്ചു. 

പതിനാറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ജി-7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. വ്യാപാര വിഷയങ്ങളിലും ഉപരോധങ്ങളിലും ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും മികച്ചതാണെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദി കാണാൻ ഒരു മാലാഖയെപ്പോലെ ശാന്തനാണെങ്കിലും, ചർച്ചകളിൽ അദ്ദേഹം അതിശക്തനാണെന്നും ട്രംപ് തമാശരൂപേണ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാപാര തീരുവകൾ, റഷ്യൻ എണ്ണ ഇറക്കുമതി, ഇമിഗ്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകൾ സജീവമായി തുടരുകയാണ്.

ഒമാൻ തീരത്ത് അമേരിക്കൻ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം മോദി ചർച്ചയിൽ ഉന്നയിക്കുകയും സമുദ്രപാതകളിലെ നാവികരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെയും മോദി അഭിനന്ദിച്ചു.

Content Highlights: Donald Trump identifies Narendra Modi and Xi Jinping as world leaders he admires., PM Modi described as a 'tough cookie' and a skilled negotiator by the US President., India-US diplomatic relations reach a new peak despite ongoing trade disputes., Discussion included maritime security and appreciation for US efforts in West Asia., Trump compares his leadership style to historical figures in his upcoming book.