'ഇയാളെ നോക്കൂ, ഇതെന്തൊരു കോലമാണ്'; മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടൺ: ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ചും ശരീരപ്രകൃതത്തെ പരിഹസിച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാൻസാസിലും അയോവയിലും നടത്താനിരുന്ന പ്രചാരണ റാലികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം സംബന്ധിച്ച ചോദ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ട്രംപും മാധ്യമപ്രവർത്തകനും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.

കാൻസാസിലേക്കുള്ള യാത്ര ഒഴിവാക്കിയത് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 'ഈ ചോദ്യം ചോദിക്കുന്ന നിങ്ങൾക്കാണ് അസുഖം' ട്രംപ് പെട്ടെന്ന് ദേഷ്യപ്പെട്ട് പറഞ്ഞു.

പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാത്രമാണ് താൻ അന്വേഷിച്ചതെന്ന് മാധ്യമപ്രവർത്തകൻ വ്യക്തമാക്കിയപ്പോൾ, മാധ്യമപ്രവർത്തകന്റെ ആംഗ്യങ്ങൾ അനുകരിച്ച ട്രംപ് പരിഹാസം ആരംഭിച്ചു. 'ഇയാളെ നോക്കൂ. എന്തൊരു മോശം ശരീരപ്രകൃതമാണിത്' ട്രംപ് പറഞ്ഞു. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. 'നിങ്ങൾ രണ്ടാഴ്ചയായി എന്നെ പിന്തുടരുന്നുണ്ട്. നിങ്ങൾ വെറുപ്പുളവാക്കുന്നവനാണ്. നിങ്ങളുടെ ശരീരം ഒന്ന് ഒതുക്കിവെക്കൂ. കാണാൻ കോലമില്ല' ട്രംപ് കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ മത്സരം കാഴ്ചവെക്കുന്ന കൻസസ്, അയോവ എന്നിവിടങ്ങളിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ ട്രംപ് റദ്ദാക്കിയിരുന്നു. അവിടങ്ങളിൽ പോകേണ്ടതില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടി വിജയമുറപ്പിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഒക്ടോബർ ഒന്ന് മുതൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി ട്രംപ് 19 സംസ്ഥാനങ്ങളിലായി 25 റാലികൾ നടത്തിയിട്ടുണ്ട്.

Content Highlights: US President Donald Trump reacted angrily to a question about skipping campaign rallies in Kansas and Iowa., Trump mocked the journalist's physical appearance and gestures during a heated exchange., Trump claimed he is in full health and defended his decision to cancel the rally visits., Trump has conducted 25 rallies across 19 states since October 1 to support Republican candidates.