മെലാനിയയും ട്രംപും കയറിയ ഉടന്‍ യുഎന്‍ ആസ്ഥാനത്തെ എസ്കലേറ്റര്‍ നിലച്ചു, വിവാദം; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ്ഹൗസ്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കയറിയ എസ്കലേറ്റര്‍ നിലച്ചതില്‍ വിവാദം. കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തായിരുന്നു സംഭവം. മെലാനിയയും പിന്നാലെ ട്രംപും കാലെടുത്തുവെച്ച ഉടന്‍തന്നെ എസ്കലേറ്ററിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും എസ്കലേറ്ററിലെ പടികള്‍ ചവിട്ടിക്കയറി. ഇതിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അതേസമയം, യുഎന്‍ ആസ്ഥാനത്തുണ്ടായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് ആണ് യുഎന്‍ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആരെങ്കിലും മനഃപൂര്‍വം എസ്കലേറ്റര്‍ നിര്‍ത്തിയതാണെങ്കില്‍ അവരെ പുറത്താക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
പ്രസംഗിക്കാനായി ഡൊണാള്‍ഡ് ട്രംപ് ഹാളിലേക്ക് വരുമ്പോള്‍ എസ്കലേറ്റര്‍ നിര്‍ത്തണമെന്ന് ചില ജീവനക്കാര്‍ തമാശ പറയുന്നത് കേട്ടിരുന്നതായി 'ടൈംസ് ഓഫ് ലണ്ടന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പങ്കുവെച്ചാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടത്.
ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും മധ്യത്തില്നിന്നുപോയ എസ്കലേറ്ററാണ് തനിക്ക് യുഎന്നില്‍നിന്ന് കിട്ടിയതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. മെലാനിയ നല്ല ആരോഗ്യാവസ്ഥയില്‍ അല്ലായിരുന്നുവെങ്കില്‍ അവര്‍ വീണുപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റിന് മുന്‍പായി കടന്നുപോയ ആള് അബദ്ധത്തില്‍ എസ്കലേറ്ററിന്റെ സുരക്ഷാസംവിധാനം പ്രവര്ത്തനക്ഷമമാക്കിയതാണെന്നും അതിനാലാണ് എസ്കലേറ്റര്‍ പെട്ടെന്ന് നിന്നുപോയതെന്നും യുഎന്‍ വക്താവ് ഫര്ഹാന് അസിസ് ഹഖ് പറഞ്ഞു. ഉടന്‍തന്നെ എസ്കലേറ്റര്‍ പഴയനിലയില്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: US President Trump and Melania`s escalator stopped abruptly at UN HQ. White House demands investigation into potential sabotage.