ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടന്നു; ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം, അന്ത്യശാസനം നീട്ടി

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സുപ്രധാന പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് 'പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം' കണ്ടെത്തുന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
'കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ഇറാനും വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂർ അന്ത്യശാസനം ഇറാന് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചർച്ച നടന്നതായി ട്രംപ് അറിയിച്ചിരിക്കുന്നത്.
ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായും ട്രംപ് അറിയിച്ചു. ഈ ആഴ്ച മുഴുവൻ ചർച്ച തുടരും. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടർന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ചർച്ചകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരണം നടത്തിയിട്ടില്ല.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇറാന്റെ ഏറ്റവും വലിയ ഊർജനിലയങ്ങളാണ് ആദ്യം തകർക്കുകയെന്ന് ട്രംപ് പറയുകയുണ്ടായി. ഇതിന് പിന്നാലെ ഇറാനും ഭീഷണിമുഴക്കിയിരുന്നു. അമേരിക്ക തങ്ങളുടെ ഊർജനിലയങ്ങൾ തകർത്താൽ അത് പുനർനിർമിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും ഗൾഫ് രാജ്യങ്ങളിലെ പവർപ്ലാന്റുകൾ ലക്ഷ്യമിടുമെന്നും ഇറാൻ പറഞ്ഞിരുന്നു.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് ശേഷം ഇതാദ്യമായിട്ടാണ് യുദ്ധം നിർത്തുന്നതിനുള്ള ചർച്ച നടക്കുന്നത്.
Content Highlights: Trump confirms productive diplomatic talks with Iran., Military action against Iranian energy infrastructure suspended for five days., Future military decisions depend on the success of ongoing negotiations