ലാസ് വേഗസില്‍ ട്രംപിന്റെ പടുകൂറ്റൻ നഗ്നപ്രതിമ; 2016 തിരഞ്ഞെടുപ്പുകാലത്തെ തനിയാവര്‍ത്തനം

ലാസ് വേഗസ് (യു.എസ്): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍. യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ സ്ഥാപിച്ചത്.
നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്റ്റേറ്റ് 15-ലാണ് നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നപ്രതിമയുള്ളത്. 'കുടിലവും അശ്ലീലവും' (Crooked and Obscene) എന്ന് പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ (ഏകദേശം 6000 പൗണ്ട്) ഭാരമുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ സ്ഥാപിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പ്രതിമ നിലത്തുറപ്പിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പലരും കൗതുകത്തോടെ പ്രതിമയെ നോക്കിയപ്പോള്‍ ചിലര്‍ ഇത് അറപ്പുളവാക്കുന്നതാണെന്ന് പ്രതികരിച്ചു. അമേരിക്കയുടെ പലഭാഗങ്ങളിലും ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുമ്പ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച 2016-ലും സമാനമായി നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു. അന്ന് ലാസ് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിനടുത്താണ് ട്രംപിന്റെ നഗ്നപ്രതിമ ഉയര്‍ന്നത്. പിന്നീട് 2018-ല്‍ ഈ പ്രതിമ ലേലത്തില്‍ വിറ്റുപോയി. 28,000 ഡോളറിനാണ് (ഇന്നത്തെ നിരക്കില്‍ ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപ) അന്ന് പ്രതിമ വിറ്റുപോയത്. ലോസ് ആഞ്ജലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, സിയാറ്റില്‍, ക്ലീവ്‌ലാന്‍ഡ് എന്നിവിടങ്ങളിലും അന്ന് ട്രംപിന്റെ നഗ്നപ്രതിമകള്‍ ഉയര്‍ന്നിരുന്നു.
Content Highlights: Donald Trump Gets 43-Feet Tall Naked Statue in Las Vegas, A Repeat of 2016