‘എട്ട് യുദ്ധം ഒഴിവാക്കി, ലോകത്തിന്റെ സമ്പൂർണനാശം തടഞ്ഞു’; നൊബേൽ അവകാശവാദം ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: നോബൽ സമാധാന പുരസ്കാരത്തിന് താൻ അർഹനാണെന്ന അവകാശവാദത്തിന് വിശദീകരണങ്ങളുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം എട്ടോളം അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെട്ട് അവ പരിഹരിച്ചെന്നും ലോകത്തിന്റെ സമ്പൂർണ നാശത്തെ തടഞ്ഞെന്നുമുള്ള തന്റെ മുൻ അവകാശവാദങ്ങൾ ട്രംപ് ആവർത്തിച്ചു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇത്.
മറ്റ് ഒരു പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ നിർവഹിച്ചതെന്നും എട്ട് യുദ്ധങ്ങൾ പരിഹരിച്ച തന്നെ പുരസ്കാരത്തിനായി പരിഗണിച്ചില്ലെങ്കിൽ അത് നൊബേൽ കമ്മിറ്റിയുടെ അന്തസ്സിനുതന്നെ വലിയ കളങ്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തനിക്ക് പുരസ്കാരം ലഭിക്കുമോ എന്ന കാര്യത്തിൽ ട്രംപ് സംശയവും പ്രകടിപ്പിച്ചു. ‘തന്നെപോലെയുള്ള’ ആളുകൾക്ക് പുരസ്കാരം നൽകാതിരിക്കുന്ന ചരിത്രമാണ് നൊബേൽ കമ്മിറ്റിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 2009-ൽ മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ യാതൊന്നും ചെയ്യാതെയാണ് പുരസ്കാരം നേടിയതെന്നും, എന്തിനാണ് അത് ലഭിച്ചതെന്ന് ഒബാമയ്ക്ക് പോലും അറിയില്ലെന്നും ട്രംപ് പരിഹസിച്ചു.
നൊബേൽ സമാധാന പുരസ്കാരത്തിന് താൻ അർഹനാണെന്ന വാദം മുൻപും ഒട്ടേറെത്തവണ ട്രംപ് ഉയർത്തിയിട്ടുണ്ട്. താരിഫ് ഭീഷണികൾ മുഴക്കി പല യുദ്ധങ്ങളും താൻ തടഞ്ഞിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞവർഷത്തെ സമാധാന പുരസ്കാര ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച നോബൽ മെഡൽ ജനുവരിയിൽ ട്രംപിന് കൈമാറിയിരുന്നു. ട്രംപിനേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് പറഞ്ഞാണ് അവർ മെഡൽ നൽകിയതെന്നും, അത് പരോക്ഷമായി സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇസ്രയേൽ, കംബോഡിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ പുരസ്കാരത്തിനായി നാമനിർദേശംചെയ്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights: Donald Trump claimed he deserves the Nobel Peace Prize for resolving eight global conflicts., He criticized the Nobel Committee's history and mocked Barack Obama's 2009 win., He mentioned receiving a Nobel medal from Venezuelan opposition leader Maria Corina Machado.