എപ്സ്റ്റീൻ: അമ്പതിനായിരത്തോളം ഫയലുകൾ പുറത്തേക്ക്; ട്രംപിനെതിരേ ഗുരുതര ലൈംഗിക ആരോപണങ്ങൾ

#ന്യൂസ് ഡെസ്‌ക്
Photo: x.com/AlexandruC4/
Photo: x.com/AlexandruC4/

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന 50,000-ഓളം എപ്സ്റ്റീൻ ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുമെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ഉൾപ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാർശിക്കുന്ന എഫ്ബിഐ രേഖകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് 40,000-ലധികം ഫയലുകൾ കാണാതായതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രശ്‌നം ഉന്നയിച്ചശേഷം 47,635 ഫയലുകൾ കൂടുതൽ അവലോകനത്തിനായി എടുത്തിട്ടുണ്ടെന്നും അവ വീണ്ടും പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും നീതിന്യായ വകുപ്പ് വക്താവ് പറഞ്ഞു.

1980-കളിൽ താൻ പ്രായപൂർത്തിയാകാത്ത സമയത്ത് ജെഫ്രി എപ്സ്റ്റീനും ഡൊണാൾഡ് ട്രംപും ലൈംഗിക അതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വിവരങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. 2019-ൽ ഈ സ്ത്രീയുമായി നടത്തിയ എഫ്ബിഐ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഫയലുകളിലുള്ളത്.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ഫയലുകൾ കഴിഞ്ഞ ഡിസംബറിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടപ്പോൾ ട്രംപുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങളൊന്നും ഉൾപ്പെട്ടിരുന്നില്ല. ഈ രേഖകൾ അപ്രത്യക്ഷമായ വിവരം സ്വതന്ത്ര മാധ്യമപ്രവർത്തകനായ റോജർ സോളൻബെർഗർ റിപ്പോർട്ട് ചെയ്തിരുന്നു.

നീതിന്യായ വകുപ്പ് നേരത്തേ പുറത്തുവിട്ട എപ്സ്റ്റീൻ രേഖകളിൽ സൗത്ത് കരോലിനയിൽ എപ്സ്റ്റീൻ തന്നെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച ഒരു സ്ത്രീയെ പരാമർശിക്കുന്ന ചില അഭിമുഖ കുറിപ്പുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ട്രംപിന്റെ പേര് പരാമർശിക്കുന്നവ ഉൾപ്പെടെ എഫ്ബിഐയുടെ മൂന്ന് അഭിമുഖ സംഗ്രഹങ്ങൾ ഇതിൽ ഉണ്ടായിരുന്നില്ല. ആ രേഖകൾ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് നീതിന്യായ വകുപ്പ് വിശദീകരിക്കുകയും ചെയ്തിരുന്നില്ല. കൂടുതൽ അവലോകനത്തിനായി ഇത് മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും പ്രസിദ്ധീകരണത്തിന് മുമ്പ് ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനുമായിരുന്നു ഈ അവലോകനമെന്ന് വകുപ്പുമായി ബന്ധപ്പെട്ട ഒരു വക്താവ് പറഞ്ഞു.

Content Highlights: The US Department of Justice is set to release nearly 50,000 Epstein-related files., Files reportedly contain a woman's allegation of sexual assault by Epstein and Donald Trump., These specific FBI documents with allegations against Trump were missing from previous releases.