ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ, അവർ മൃതദേഹങ്ങൾ എണ്ണിത്തീർന്നിട്ടുണ്ടാവില്ല- പാക് നേതാവ്അൻവറുൾ ഹഖ്

ഇസ്ലാമാബാദ്: ഇന്ത്യക്കുനേരെ ഉണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങളിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പാക് നേതാവ് ചൗധരി അൻവറുൾ ഹഖ്. ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങളിൽവരെ കടന്നുചെന്ന് ഭീകരസംഘടനകൾ ഇന്ത്യയെ ആക്രമിച്ചു എന്നായിരുന്നു ഹഖിന്റെ പരമാർശം. പാക് പാർലമെന്റിൽ ഹഖ് സംസാരിക്കുന്നവീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ മറ്റൊരു കുറ്റസമ്മതമാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
'നിങ്ങൾ ബലൂചിസ്താനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ, ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ ആക്രമിക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു. അവർക്കിപ്പോഴും മൃതദേഹങ്ങൾ എണ്ണിത്തീർക്കാൻ കഴിഞ്ഞിട്ടില്ല.' എന്നാണ് ഹഖ് വീഡിയോയിൽ പറയുന്നത്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ സ്മാരകത്തിന് സമീപം, നവംബർ 10-ന് ഉണ്ടായ കാർ സ്ഫോടനത്തെക്കുറിച്ചാണ് ഹഖ് ചെങ്കോട്ടയെക്കുറിച്ചുള്ള പരമാർശംകൊണ്ട് ഉദ്ദേശിച്ചത്. ഈ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് പോലീസ് ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള 'വൈറ്റ് കോളർ' ഭീകരവാദ സംഘത്തിലെ അംഗമായിരുന്നു ആക്രമണത്തിന്റെ സൂത്രധാരനായ ഡോ. ഉമർ മുഹമ്മദ്.
ഹഖിന്റെ 'കശ്മീരിലെ വനങ്ങൾ' എന്ന പരാമർശം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്ത ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 'കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആയുധധാരികളായ ആളുകൾ ഡൽഹിയിൽ പ്രവേശിച്ച് ആക്രമണം നടത്തി. അവർ ഇതുവരെ എല്ലാ മൃതദേഹങ്ങളും എണ്ണിത്തീർത്തിട്ടുണ്ടാകില്ല.' ഹഖ് കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നു. ഓപ്പറേഷന് സിന്ധൂറിലൂടെ പാകിസ്താന് വൻപ്രഹരം ഏൽപ്പിക്കുകയും ചെയ്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്താന്റെ പങ്ക് ഒരു രാഷ്ട്രീയക്കാരൻ വെളിപ്പെടുത്തുന്നത് ഇതാദ്യമല്ല.
Content Highlights: Pakistani leader Chaudhry Anwarul Haq admits terror groups struck India from Delhi`s Red Fort to Kashmir`s forests, confirming Pakistan`s role in cross-border terrorism. Read the shocking details.