‘ഞാൻ ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ മെഷീൻ ഗൺ ഉള്ളിലെത്തിച്ചേനെ’; അലനെ പിടികൂടാൻ സഹായിച്ചത് സഹോദരൻ

കോൾ തോമസ് അലൻ | Image credit: @arifsarwar22 X
കോൾ തോമസ് അലൻ | Image credit: @arifsarwar22 X

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസിലെ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ പ്രതി കോൾ തോമസ് അലൻ ആക്രമണത്തിന് തൊട്ടുമുമ്പ് തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ വിവരങ്ങൾ നടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ. ആക്രമണത്തിന് തൊട്ടുമുമ്പ് തന്റെ കുടുംബത്തിന് അയച്ച കുറിപ്പിൽ, വേദിയിലെ സുരക്ഷാ വീഴ്ചകളെ സംബന്ധിച്ചും താൻ ഒരു വിദേശ ഏജന്റായിരുന്നുവെങ്കിൽ കുറച്ചുകൂടി വലിയ തോതിൽ ആക്രമണം നടത്താമായിരുന്നുവെന്നും പ്രതി അവകാശപ്പെട്ടു.

പ്രമുഖ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവെച്ചാണ് താൻ എത്തിയതെന്നും പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒട്ടും കാര്യക്ഷമമല്ലായിരുന്നുവെന്നും അലൻ തന്റെ കുറിപ്പിൽ വിമർശിക്കുന്നു. സ്വയം 'Friendly Federal Assassin' എന്ന് വിശേഷിപ്പിച്ച അലൻ, 'Cole coldForce, Friendly Federal Assassin Allen' എന്ന് ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 'The Wide Awakes' എന്ന ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും നേരത്തെയും ഇയാൾ തീവ്രമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

വാഷിങ്ടൺ ഹിൽട്ടണിലെ സുരക്ഷാ സംവിധാനങ്ങൾ അങ്ങേയറ്റം ദുർബലമാണെന്നും താൻ ഒരു ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ ഇതിലും വലിയ ആയുധങ്ങൾ ആരും അറിയാതെ ഉള്ളിലെത്തിക്കാമായിരുന്നു എന്നും അലൻ തന്റെ കുറിപ്പിൽ പരിഹസിക്കുന്നു. 'അമേരിക്കൻ പൗരന് പകരം ഞാൻ ഒരു ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ, ഒരു മെഷീൻ ഗൺ (M2 Browning .50-caliber machine gun) പോലും ആരും അറിയാതെ ഇവിടെ എത്തിക്കാമായിരുന്നു.' 31-കാരനായ അലൻ തന്റെ കുറിപ്പിൽ പറയുന്നു.

ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുള്ള പ്രതിഷേധക്കാരിലും പുതിയതായി എത്തുന്നവരിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും, തലേദിവസം തന്നെ മുറിയെടുത്ത് ആയുധങ്ങളുമായി എത്തിയ തന്നെ ആരും ശ്രദ്ധിച്ചില്ലെന്നും ഇയാൾ മാനിഫെസ്റ്റോയിൽ അവകാശപ്പെടുന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ തന്റെ പട്ടികയിൽനിന്ന് ഇയാൾ ഒഴിവാക്കിയിരുന്നു, അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

പ്രസിഡന്റ് ട്രംപിനെ 'രാജ്യദ്രോഹി' എന്നും 'ബലാത്സംഗി' എന്നും വിശേഷിപ്പിച്ച അലൻ, ട്രംപിന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ചുവരുകൾ തുളച്ചുകയറാത്ത തരം വെടിയുണ്ടകൾ (buckshot) ഉപയോഗിച്ച് നാശനഷ്ടങ്ങൾ കുറയ്ക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് അലൻ കുറിച്ചു. എങ്കിലും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ അവിടെയുള്ള മറ്റുള്ളവരെ വധിക്കേണ്ടി വന്നാൽ അതിനും മടിക്കില്ലെന്നും ഇയാൾ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്താത്തത് ക്രിസ്തീയ രീതിയല്ലെന്നും അത് കുറ്റവാളികളെ സഹായിക്കുന്നതിന് തുല്യമാണെന്നും തന്റെ കുറിപ്പിൽ അലൻ വാദിക്കുന്നു. അലൻ അയച്ച മാനിഫെസ്റ്റോ കണ്ട സഹോദരൻ ഉടൻ തന്നെ കണക്റ്റിക്കട്ട് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിരുന്ന് നടക്കുന്ന ഹാളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ തടയുകയായിരുന്നു.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അലൻ നിരന്തരം തീവ്രമായ പ്രസ്താവനകൾ നടത്തിയിരുന്നതായും ആഗോള പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും തന്റേതായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. കാലിഫോർണിയയിൽ നടന്ന 'No Kings' എന്ന പ്രതിഷേധ പരിപാടിയിലും അലൻ പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രതി തോക്ക് ഉപയോഗിക്കുന്നതിനായി പരിശീലനം നടത്തിയിരുന്നതായും കൃത്യസമയത്ത് പ്രതിയെ തടയാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Content Highlights: Cole Tomas Allen allegedly attacked the White House Correspondents' Dinner. The suspect sent a manifesto detailing his intent to target Trump administration officials. Allen claimed he bypassed security at the Washington Hilton with weapons. The document included hypothetical scenarios regarding Iranian agents and security lapses. Authorities were alerted by the suspect's brother before the attack occurred.