എപ്സ്റ്റീൻ രേഖകൾ; ക്ലിന്റൺ ദമ്പതിമാർ സഭാസമിതി മുൻപാകെ ഹാജരാകും

വാഷിങ്ടൺ: ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ജനപ്രതിനിധിസഭാ സമിതിക്കുമുമ്പിൽ ഹാജരായി മൊഴികൊടുക്കാൻ യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഭാര്യയും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റൺ എന്നിവർ സമ്മതിച്ചു.
നേരിട്ടുഹാജരാകാൻ തയ്യാറായില്ലെങ്കിൽ ഇരുവരുടെയും പേരിൽ സഭാഅലക്ഷ്യത്തിനു നടപടിയെടുക്കാൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസഭ പദ്ധതിയിട്ടിരുന്നു. അതിനിടെയാണ് നേരിട്ടെത്തി മൊഴിനൽകുമെന്ന് ഇരുവരും അറിയിച്ചത്.
പ്രായപൂർത്തിയാകാത്തവരെ ലൈംഗികകൃത്യങ്ങൾക്ക് ഉപയോഗിച്ചു എന്ന കേസിൽ 2008-ൽ കുറ്റംചുമത്തപ്പെടുന്നതിനുമുൻപും ശേഷവും ലോകത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖർ എപ്സ്റ്റീനുമായി ബന്ധംപുലർത്തിയിരുന്നു. ഇതുസംബന്ധിച്ച ലക്ഷക്കണക്കിനു രേഖകൾ യു.എസ്. നീതിന്യായവകുപ്പ് ഈയിടെ പുറത്തുവിടുകയുണ്ടായി. രേഖകളിൽ എപ്സ്റ്റീനൊപ്പമുള്ള ബിൽ ക്ലിന്റന്റെ ചിത്രങ്ങളുമുണ്ട്. എന്നാൽ, എപ്സ്റ്റീനുമായിച്ചേർന്ന് എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി പറയുന്നില്ല.
ഇതേക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുമായി സഹകരിക്കാമെന്ന് ക്ലിന്റൺ ദമ്പതിമാർ സമ്മതിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എപ്സ്റ്റീനുമായുള്ള ബന്ധത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞ് നേരിട്ടു ഹാജരാകാൻ വിസമ്മതിച്ചു.
പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷം എപ്സ്റ്റീന്റെ വിമാനത്തിൽ ബിൽ ക്ലിന്റൺ പലതവണ സഞ്ചരിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം പിന്നീട് പശ്ചാത്താപം പ്രകടിപ്പിക്കുകയും എപ്സ്റ്റീന്റെ ക്രിമിനൽ പ്രവൃത്തികളെക്കുറിച്ച് അറിയില്ലെന്നു പറയുകയും ചെയ്തിരുന്നു.
Content Highlights: Bill and Hillary Clinton to testify before House committee regarding Jeffrey Epstein`s records. Explore the details of their involvement and the ongoing investigation.