‘സ്റ്റോക്ഹോം സിൻഡ്ര'ത്തിന്റെ ഉപജ്ഞാതാവായ ബാങ്ക് കൊള്ളക്കാരൻ മരിച്ചു

Clark Olofsson| Photo: Bertil ERICSON / TT NEWS AGENCY / AFP
Clark Olofsson| Photo: Bertil ERICSON / TT NEWS AGENCY / AFP

സ്റ്റോക്ഹോം: ‘സ്റ്റോക്ഹോം സിൻഡ്രം’ എന്ന സിദ്ധാന്തത്തിന്റെ പിറവിക്കിടയാക്കിടെ ബന്ദിനാടകത്തിലെ പ്രതികളിൽ ഒരാളായ ക്ലാർക്ക് ഒലോഫ്സൺ (78) മരിച്ചു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ 1973-ൽ നടന്ന ബാങ്ക് കവർച്ചയിലെയും തട്ടിക്കൊണ്ടുപോകലിലെയും പ്രതിയാണ്. ബാങ്ക് ജീവനക്കാരായ മൂന്നു സ്ത്രീകളെയും പുരുഷനെയുമാണ് ഒലോഫ്സണും കൂട്ടാളി ജാൻ എറിക് ഓൽസണും ആറുദിവസം ബാങ്കിനുള്ളിൽ ബന്ദികളാക്കിവെച്ചത്. 

ഇത്രയും ദിവസംകൊണ്ട് ബന്ദികൾക്ക് ഇവരോട് സഹാനുഭൂതിയും പ്രതികളെ അറസ്റ്റുചെയ്യാൻ കാത്തുനിന്ന പോലീസിനോട് ദേഷ്യവും തോന്നി. ഈ മാനസികാവസ്ഥയാണ് പിന്നീട് ‘സ്റ്റോക്ഹോം സിൻഡ്രം’ എന്ന മനഃശാസ്ത്ര സിദ്ധാന്തമായത്. ബന്ദികൾക്ക് അവരെ തട്ടിക്കൊണ്ടുപോകുന്നവരോടു തോന്നുന്ന അനുഭാവത്തെയാണ് ഈ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്.

ഇന്ത്യയിലും സ്റ്റോക്‌ഹോം സിൻഡ്രത്തിന് ഉദാഹരണമുണ്ട്. 1991-ൽ കശ്മീരിൽവെച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. ദൊരൈസ്വാമി ദിവസങ്ങളോളം അവരുടെ തടങ്കലിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ശേഷം ദൊരൈസ്വാമി തീവ്രവാദികൾക്ക് അനുകൂലമായി സംസാരിച്ചത് ഏറെ വിവാദം വിളിച്ചുവരുത്തി. ഇത് സ്റ്റോക്ക്‌ഹോം സിൻഡ്രത്തിന്റെ ഭാഗമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

കൊലപാതകശ്രമം, ആക്രമണം, കവര്‍ച്ച, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവയ്ക്ക് ശിക്ഷ ലഭിച്ചിട്ടുള്ള ക്ലാര്‍ക്ക്  ഒലോഫ്‌സണ്‍ ജീവിതത്തിന്റെ പകുതിയിലധികം സ്വീഡനിലെ ജയിലുകളിലാണ് ചെലവഴിച്ചത്. ഡാനിയല്‍ ഡെമുയിന്‍ക് എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

Content Highlights: Stockholm Syndrome; Bank Robber Clark Olofsson Dies