എൻവിഡിയയുടെ എഐ ചിപ്പുകൾ വാങ്ങി ചൈനീസ് യൂണിവേഴ്സിറ്റി; യുഎസിന്റെ കരിമ്പട്ടികയിൽപ്പെട്ട സ്ഥാപനം

ബെയ്ജിങ്: ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി അടുത്ത ബന്ധമുള്ള സർവകലാശാല, കഴിഞ്ഞമാസം എൻവിഡിയയുടെ അത്യാധുനിക എച്ച്200 എഐ ചിപ്പുകൾ വാങ്ങിയതായി രേഖകൾ പുറത്ത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുള്ള ആലീസ് ഹുവാങ്, എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെ സ്വാധീനിച്ചതായുള്ള വിവാദം കത്തിനിൽക്കെയാണ് പുതിയ വിവരം പുറത്തുവരുന്നത്.
1.23 ലക്ഷം ഡോളർ (ഏകദേശം 1.09 കോടി രൂപ) വിലമതിക്കുന്ന രണ്ട് ചിപ്പുകളാണ് നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ സർവകലാശാല വാങ്ങിയത്. ഏകദേശം 1.23 ലക്ഷം ഡോളർ ചിപ്പുകൾക്ക് വേണ്ടി സർവകലാശാല ചെലവിട്ടിട്ടുണ്ട്. കൂടാതെ എൻവിഡിയ പ്രോസസറുകൾ ഘടിപ്പിച്ച കമ്പ്യൂട്ടിങ് സംവിധാനങ്ങൾ വാടകയ്ക്കെടുത്തതായും രേഖകളുണ്ട്.
സൈനിക വിമാനങ്ങൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനമാണ് നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ സർവകലാശാല. സൈനിക സംബന്ധിയായ ഗവേഷണങ്ങളിൽ സർവകലാശാലയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2001-ലാണ് യുഎസ് വാണിജ്യ വകുപ്പ് സ്ഥാപനത്തെ വ്യാപാര കരിമ്പട്ടികയായ 'എന്റിറ്റി ലിസ്റ്റിൽ' ഉൾപ്പെടുത്തിയത്. 2019-ൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്തു.
എൻവിഡിയയിൽനിന്ന് നേരിട്ടല്ല, ഷാൻസി ബോസുവാൻ നെറ്റ്വർക്ക് ടെക്നോളജി എന്ന ചൈനീസ് കമ്പനിയിൽനിന്നാണ് സർവകലാശാല ചിപ്പുകൾ വാങ്ങിയത്. എഐ സംവിധാനങ്ങൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ശേഷിയുള്ള എൻവിഡിയയുടെ ഏറ്റവും മികച്ച ചിപ്പുകളിലൊന്നാണ് എച്ച്200. ഇവ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ യുഎസ് ലൈസൻസ് നിർബന്ധമാണ്. ഉപരോധ പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം ലൈസൻസുകൾ കൊടുക്കാറില്ല. ചൈനീസ് സ്ഥാപനങ്ങൾക്ക് ആഭ്യന്തര വിതരണക്കാരിലൂടെ യുഎസ് നിയന്ത്രണത്തിലുള്ള എഐ സംവിധാനങ്ങൾ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചൈനീസ് സർവകലാശാലകളിൽ യുഎസ് നിയന്ത്രണത്തിലുള്ള എൻവിഡിയ എഐ ചിപ്പുകൾക്കും കമ്പ്യൂട്ടിങ് സേവനങ്ങൾക്കും വിപുലമായ വിപണിയുണ്ടെന്നും രേഖകൾ പറയുന്നു.
ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പന തുടരുന്നത് സാങ്കേതികരംഗത്തെ അമേരിക്കയുടെ മേധാവിത്വം നിലനിർത്താനും ചൈനീസ് ഉപഭോക്താക്കളെ യുഎസ് ആശ്രിതരായി നിലനിർത്താനും സഹായിക്കുമെന്നാണ് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങിന്റെ വാദം. എന്നാൽ, എൻവിഡിയയുടെ എഐ ചിപ്പുകൾ ചൈനയ്ക്ക് ലഭിക്കുന്നതിലൂടെ, ആയുധ രൂപകൽപ്പനയിലും സൈനിക നവീകരണത്തിലും ചൈനയ്ക്ക് പുത്തൻ ഉണർവ് കൈവരിക്കാനാകുമെന്നതാണ് അമേരിക്കയുടെ ആശങ്ക.
നൂതന എഐ ചിപ്പുകളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ കയറ്റുമതിയിൽ കൂടുതൽ ജാഗ്രത പുലർത്താനും ചിപ്പ് ട്രാക്കിങ് സംവിധാനം ഒരുക്കാനും ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങൾ ഒരുപോലെ ആവശ്യപ്പെട്ടിട്ടുണ്ട്.
അത്യാധുനിക എഐ ചിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ജെൻസണിൽനിന്ന് ചൈനീസ് വ്യവസായിയായ ആലീസ് ഹുവാങ് ചോർത്തിയെടുക്കാൻ ശ്രമിച്ചെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അടുത്തിടെ ഉന്നയിച്ച ആരോപണം.
Content Highlights: Northwestern Polytechnical University purchased Nvidia H200 AI chips worth $123,000., The university is blacklisted by the US Commerce Department due to military research links., Chips were bought through a third-party Chinese vendor, bypassing direct US restrictions., US lawmakers demand stricter export controls and chip-tracking systems to prevent military use.