സാംസ്കാരിക വംശഹത്യ, മനുഷ്യവകാശ ലംഘനം; ചൈനയിലെ വംശീയഐക്യനിയമം ലക്ഷ്യം വെക്കുന്നതെന്ത്?

ചൈനയുടെ എത്നിക് യൂണിറ്റി ആൻഡ് പ്രോഗ്രസ് ലോ. ചൈനയിലെ വംശീയ ഐക്യവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പുതിയ... വിവാദ... നിയമം. കേൾക്കുമ്പോൾ സംഗതി വളരെ ലളിതമാണ്. പക്ഷേ ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചാൽ അത് ഒരു തരത്തിൽ സാംസ്കാരിക അധിനിവേശവും മനുഷ്യാവകാശ ലംഘനവുമാണ്. ടിബറ്റുകാരും ഉയ്ഗൂർ വംശജരും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാണ്. 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തെ പലരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുന്നത്? അയൽ രാജ്യമായ ഇന്ത്യയെ ഈ നിയമം ബാധിക്കുമോ?
എന്താണ് ഈ 'വംശീയ ഐക്യ നിയമം'?
ചൈനയിലെ ജനസംഖ്യയുടെ 90% ത്തിലധികവും ഹാൻ വംശത്തിൽപ്പെട്ടവരാണ്. ഉയ്ഗറുകൾ, ടിബറ്റുകാർ, മംഗോളിയക്കാർ, ഹുയി, കസാക്കുകൾ തുടങ്ങിയ വംശീയ സമൂഹങ്ങൾ ന്യൂനപക്ഷവുമാണ്. രാജ്യത്തുള്ള 56 വംശീയ വിഭാഗങ്ങളെയും ഒരൊറ്റ ചൈനീസ് ദേശീയ സ്വത്വത്തിന് കീഴിൽ കൊണ്ടുവരിക - അതാണ് നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാഭ്യാസം, പൊതുഭരണം, സാംസ്കാരിക സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം വംശീയ ഐക്യം ഇനി നിയമപരമായ ബാധ്യതയാകും. രാജ്യത്തിനകത്ത് മാത്രമല്ല രാജ്യത്തിന് പുറത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാർക്കും നിയമം ബാധകമാവും. 2026 മാർച്ചിൽ ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് പാസാക്കിയ നിയമത്തിലെ പ്രധാന നിർദേശങ്ങൾ നോക്കാം.
1) ഭാഷാപരമായ ഏകീകരണം. അതായത് സ്കൂളുകളിലും ഔദ്യോഗിക ഇടങ്ങളിലും മന്ദാരിൻ ഭാഷ നിർബന്ധമാക്കും. പ്രാദേശിക ഭാഷകളായ ടിബറ്റൻ, ഉയ്ഗൂർ എന്നിവയ്ക്ക് രണ്ടാം സ്ഥാനമേ ഉണ്ടാകൂ.
2) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ചൈനീസ് സംസ്കാരത്തോടും കൂറുപുലർത്തുന്ന രീതിയിൽ കുട്ടികളെ വളർത്താൻ മാതാപിതാക്കളും സ്കൂളുകളും നിയമപരമായി ബാധ്യസ്ഥരാവും. ചൈനീസ് സർക്കാർ വിദ്വേഷപരമെന്നോ രാഷ്ട്രവിരുദ്ധമെന്നോ നിർവചിക്കുന്ന ആശയങ്ങൾ കുട്ടികളിൽ കണ്ടാൽ ശിക്ഷ കിട്ടുന്നത് മാതാപിതാക്കൾക്കായിരിക്കും.
3) സംസ്കാരത്തിന്റെ ചൈനീസ് വൽക്കരണം അഥവാ സിനിസൈസേഷൻ. അതായത് മതം, കല, ചരിത്രം, കുടുംബം തുടങ്ങിയ എല്ലാ മേഖലകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം പിന്തുടരണം.മ്യൂസിയങ്ങൾ, ലൈബ്രറികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ ചൈനീസ് ചരിത്രവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കണം. ചൈനീസ് ദേശീയതയെക്കുറിച്ചുള്ള പൊതുബോധം വളർത്തിയെടുക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടും പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളോടും ഉള്ള ഭക്തിയും വിശ്വസ്തതയും ജനങ്ങളിൽ വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിന് പകരം എല്ലാവരെയും ഒരേ അച്ചിൽ വാർത്ത ചൈനീസ് പൗരന്മാരാക്കി മാറ്റുമെന്ന് ചുരുക്കം.
പ്രതിഷേധത്തിന് പിന്നിൽ?
നിയമം ഐക്യത്തിനല്ല, മറിച്ച് 'സാംസ്കാരിക വംശഹത്യയ്ക്കുള്ള' ആയുധമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ചൈനയിലുടനീളമുള്ള വംശീയ വിഭാഗങ്ങളെ ഭൂരിപക്ഷമായ ഹാൻ ചൈനീസ് സംസ്കാരത്തിലേക്ക് ലയിപ്പിക്കാനുള്ള ലക്ഷ്യമാണെന്നും ആരോപണമുണ്ട്. നിയമപ്രകാരം ടിബറ്റിലെ ലക്ഷക്കണക്കിന് കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് മാറ്റി ചൈനീസ് ബോർഡിംഗ് സ്കൂളുകളിൽ താമസിപ്പിച്ച് പഠിപ്പിക്കും. പക്ഷേ ഇതുവഴി കുട്ടികൾ അവരുടെ സംസ്കാരവും ഭാഷയും മറന്നുപോയേക്കാം. ഒരു തരത്തിൽ പറഞ്ഞാൽ, സ്വത്വത്തിലേക്കും സംസ്കാരത്തിന്മേലുള്ള കടന്നുകയറ്റം. അടുത്തത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ബുദ്ധമതത്തെയും ഇസ്ലാം മതത്തെയും പൂർണമായും നേതൃത്വത്തിന്റെ നിയന്ത്രണത്തിലാക്കും. ദലൈലാമയെ ആരാധിക്കുന്നത് പോലും കുറ്റകരമായി മാറിയേക്കും.
ഇനി വിദേശത്ത് നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകാനുള്ള കാരണങ്ങളിലൊന്ന് ആർട്ടിക്കിൾ 63 ആണ്. ഈ നിയമത്തിലെ ഏറ്റവും അപകടംപിടിച്ച വകുപ്പ്. ചൈനയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളോ സംഘടനകളോ 'വംശീയ ഐക്യം തകർക്കുന്ന' രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബീജിംഗിന് അധികാരം നൽകുന്നതാണിത്. ഭാഷാപരമായ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയോ, സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫണ്ട് ശേഖരിക്കുകയോ ചെയ്യുന്നത് പോലും നിയമപ്രകാരം കുറ്റകരമാകാം.
ചൈനയിലെ ന്യൂനപക്ഷ അവകാശങ്ങൾക്കായി സമാധാനപരമായി വാദിക്കുന്ന ആരെയും, എവിടെയും, വംശീയ ഐക്യം തകർക്കുന്നവരായി ചിത്രീകരിക്കാം. ചൈനീസ് പൗരന്മാരല്ലാത്തവർക്കും വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും മേൽ ചൈനീസ് നിയമത്തിന്റെ പിടിമുറുക്കാം. വിദേശത്തിരുന്ന് ചൈനീസ് നയങ്ങളെ വിമർശിക്കുന്നവരുടെ ചൈനയിലുള്ള ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്ന രീതി നേരത്തെ ഉണ്ടെന്നും പുതിയ നിയമം ഇതിന് 'നിയമ പരിരക്ഷ' നൽകുമെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. നിയമം ലംഘിക്കുന്നവർക്ക് ചൈനയിലേക്കോ ചൈനയുമായി ബന്ധമുള്ള പ്രദേശങ്ങളിലേക്കോ പ്രവേശന വിലക്ക് ഏർപ്പെടുത്തും, അവരുടെ സ്വത്തുക്കൾ മരവിപ്പിക്കും. തായ്വാനിലെ ബിസിനസുകാർക്കും അക്കാദമിക് വിദഗ്ധർക്കും ഇത് വലിയ ഭീഷണിയാണ്.
എഐയും ആയുധമാക്കുന്നു…
എഐയെ കൂടെ നിയമത്തിന്റെ ഭാഗമാക്കിയാണ് ചൈനയുടെ നീക്കം. രാജ്യത്തെ വിമർശകരെ കണ്ടെത്താൻ മാത്രമല്ല, ഭാവിയിൽ ആരെല്ലാം വിമർശകരാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാനും എഐയെ ഉപയോഗിക്കുന്നുണ്ട്. വ്യക്തികളുടെ ദൈനംദിന ശീലങ്ങൾ, ഇന്റർനെറ്റ് ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ വിശകലനം ചെയ്ത് അവർ സർക്കാരിനെതിരെ പ്രവർത്തിക്കുമോ എന്ന് എഐ പ്രവചിക്കും. ഗീഡ്ജ് നെറ്റ്വർക്സ് എന്ന കമ്പനി വികസിപ്പിച്ച എഐ ടൂളാണ് ചൈനീസ് സർക്കാർ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ലിയാൻക്സിൻ ടെക്നോളജി എന്ന കമ്പനി വികസിപ്പിച്ച എഐ ക്യാമറകൾക്ക് ഒരാളുടെ മുഖഭാവം 8 മുതൽ 12 സെക്കൻഡ് വരെ നിരീക്ഷിച്ച് അയാളുടെ സ്വഭാവ സവിശേഷതകളും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയും കണ്ടെത്താനാകും. വീടിനുള്ളിലും പുറത്തും പൗരന്മാർ എപ്പോഴും നിരീക്ഷണത്തിലാക്കുന്ന സമ്പൂർണ സ്വേച്ഛാധിപത്യത്തിലേക്കാണ് ചൈന നീങ്ങുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ചുരുക്കം.
ഇന്ത്യക്ക് ഭീഷണിയാണോ?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിയമം വലിയ സുരക്ഷാ ഭീഷണിയും നയതന്ത്ര വെല്ലുവിളിയുമാണ്.
1) ലോകത്തിലെ ഏറ്റവും വലിയ ടിബറ്റൻ അഭയാർത്ഥി സമൂഹം കഴിയുന്നത് ഇന്ത്യയിലാണ്, പ്രത്യേകിച്ച് ധർമ്മശാലയിൽ. ഇവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യൻ നിയമങ്ങളെ അടിസ്ഥാനമാക്കി ടിബറ്റൻ പ്രവാസി സർക്കാരുമുണ്ട്. പുതിയ നിയമത്തിലെ Article 63 ഇന്ത്യയിലെ ടിബറ്റൻ പ്രവർത്തകരെയും ഇന്ത്യയെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യം വെക്കാൻ ചൈന ഉപയോഗിച്ചേക്കാം.
2) അതിർത്തി സുരക്ഷ: ടിബറ്റിലെ സാംസ്കാരിക സ്വത്വം ഇല്ലാതാക്കി അവിടെ പൂർണമായും ചൈനീസ് വൽക്കരണം നടത്തുന്നതിലൂടെ അതിർത്തി പ്രദേശങ്ങളിൽ ചൈന തങ്ങളുടെ സൈനികവും ഭരണപരവുമായ സ്വാധീനം ഉറപ്പിക്കും. ഇത് ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾ വർധിപ്പിക്കാൻ കാരണമാകും.
3) ഇന്ത്യയിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും 'വിഘടനവാദം' എന്ന് മുദ്രകുത്തി ഇടപെടാൻ ചൈനയ്ക്ക് ഈ നിയമം ഒരു മറയാക്കാം. ഇന്ത്യയിലെ ടിബറ്റൻ ഗവൺമെന്റ്-ഇൻ-എക്സൈൽ തലവൻ പെൻപ സെറിംഗ് ഈ നിയമത്തെ 'നിർബന്ധിത സ്വാംശീകരണത്തിനുള്ള ഉപകരണം' എന്നാണ് വിശേഷിപ്പിച്ചത്.
പ്രതിച്ഛായക്ക് മങ്ങലേൽക്കുമ്പോൾ…
വിദേശ വിനോദസഞ്ചാരികളെയും ലോകനേതാക്കളെയും ആകർഷിച്ച് ചൈന തങ്ങളുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയമാണിത്. പക്ഷേ ഈ നിയമം ആ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. വിദേശത്തുള്ള വിമർശകരെപ്പോലും ആർട്ടിക്കിൾ 63 ഉപയോഗിച്ച് ലക്ഷ്യം വെക്കുന്നത് ചൈനയുടെ അന്താരാഷ്ട്ര നിലവാരത്തെ ബാധിക്കും. യൂറോപ്യൻ പാർലമെന്റ് ഈ നിയമത്തെ ശക്തമായി അപലപിച്ചുകഴിഞ്ഞു. ടിബറ്റൻ പൈതൃകം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് പാർലമെന്റിലെ 439 അംഗങ്ങൾ അനുകൂലിച്ച പ്രമേയത്തിൽ പറയുന്നത്. സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിൽ കഴിയുന്നവർക്ക് മേൽ ഭീഷണി ഉയർത്തുന്നത് യൂറോപ്യൻ യൂണിയനുമായുള്ള ചൈനയുടെ നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ നിയമം ന്യൂനപക്ഷങ്ങളുടെ ഭാഷാ-സാംസ്കാരിക അവകാശങ്ങളെ തകർക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറയുന്നത്. തായ്വാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഈ നിയമത്തിൽ വലിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ടിബറ്റൻ, ഉയ്ഗൂർ വംശജരുടെ ഭാഷയും മതവും സംസ്കാരവും നിയമപരമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലൂടെ ചൈന ഒരു 'സാംസ്കാരിക വംശഹത്യ' നടത്തുകയാണെന്ന ആരോപണം ആഗോളതലത്തിൽ ശക്തമാണ്. വൈവിധ്യങ്ങളോടുള്ള ചൈനയുടെ സഹിഷ്ണുത കുറയുന്നുവെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ
Content Highlights: Implementation of the Ethnic Unity and Progress Law effective July 1, 2026. Forced Sinicization of language, culture, and religious practices for minorities. Article 63 allows Beijing to target critics living outside Chinese borders. Use of AI-driven surveillance to predict and suppress dissent. Significant security and diplomatic implications for India and Tibetan refugees.