ലോകത്ത് ചൈനയ്ക്ക് ജനപ്രീതി കൂടുന്നു; യുഎസിനെ മറികടന്നുവെന്ന് സർവേ, ട്രംപിനെ വിശ്വാസമില്ല

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും |ഫോട്ടോ:AP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും |ഫോട്ടോ:AP

വാഷിങ്ടൺ: ചൈനയുടെ ആഗോള സ്വീകാര്യത വർദ്ധിക്കുന്നുവെന്ന് പുതിയ സർവേ റിപ്പോർട്ട്. 2026ന്റെ തുടക്കത്തിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ പുതിയ ആഗോള സർവേയിൽ, ഭൂരിഭാഗം രാജ്യങ്ങളിലും അമേരിക്കയേക്കാൾ കൂടുതൽ ചൈനയ്ക്ക് അനുകൂലമായ മനോഭാവം പ്രകടമാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

36 രാജ്യങ്ങളിൽ നിന്നുള്ള 42,151 മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനത്തിൽ 25 രാജ്യങ്ങളിലും ആളുകൾ ചൈനയെയാണ് കൂടുതൽ പിന്തുണയ്ക്കുന്നത്. 2002-ൽ സർവേ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അമേരിക്കയെ മറികടക്കുന്നത്. ലോകത്തെ വൻശക്തികളോടുള്ള ആഗോള മനോഭാവം നിരീക്ഷിച്ചുവരുന്ന ഒരു പഠന കേന്ദ്രമാണ് പ്യൂ റിസർച്ച് സെന്റർ.

ലോകകാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കുന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ കൂടുതൽ ആളുകൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിൽ വിശ്വാസമർപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 22 രാജ്യങ്ങളിൽ ഷി ക്കാണ്് മുൻതൂക്കം. പാകിസ്താനിലാണ് ഷി ജിൻപിങ്ങിനെ ഏറ്റവും കൂടുതൽ ആളുകൾ വിശ്വാസമർപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ചൈനയേക്കാൾ കൂടുതൽ അമേരിക്കയെ അനുകൂലിക്കുന്നത് ഇന്ത്യ, പോളണ്ട്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇസ്രായേൽ എന്നീ ആറ് രാജ്യങ്ങൾ മാത്രമാണ്.

അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വളരെയധികം ഇടപെടുന്നു എന്ന് 75% ആളുകളും വിശ്വസിക്കുന്നു. ചൈനയുടെ കാര്യത്തിൽ ഇത് 45% മാത്രമാണ്. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്ന കാര്യത്തിൽ അമേരിക്ക ഇപ്പോഴും ചൈനയേക്കാൾ മുന്നിലാണെങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ മേഖലയിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞുവരികയാണെന്നും സർവേ പറയുന്നു.

കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ളവർ പോലും ഇപ്പോൾ അമേരിക്കയേക്കാൾ കൂടുതൽ ചൈനയെ അനുകൂലിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വികസ്വര രാജ്യങ്ങളിലും ഏഷ്യ-പസഫിക് മേഖലയിലുമാണ് ചൈനയ്ക്ക് ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത്.

അമേരിക്കയുടെ നയങ്ങളിലെ അസ്ഥിരതയും സൈനിക ശക്തിയുടെ ഉപയോഗവും പല രാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യവരുമാനമുള്ള രാജ്യങ്ങളിൽ ചൈനയ്ക്ക് വലിയ സ്വീകാര്യതയുണ്ട്, എന്നാൽ സമ്പന്ന രാജ്യങ്ങൾ പൊതുവെ ചൈനയെ പ്രതികൂലമായാണ് കാണുന്നത്. ഇതിനൊരു അപവാദമായി നിൽക്കുന്നത് സിംഗപ്പൂരാണ്. ഉയർന്ന വരുമാനമുള്ള രാജ്യമാണെങ്കിലും ആളുകൾക്ക് ചൈനയോടുള്ള പോസിറ്റീവ് നിലപാട് വളരെ കൂടുതലാണ്.

Content Highlights: China holds higher favorability than the US in 25 out of 36 surveyed countries., Global trust in Xi Jinping exceeds trust in Donald Trump in 22 countries., 75% of respondents feel the US interferes too much in other nations' internal affairs., India, Japan, and South Korea remain among the few nations favoring the US over China., China's influence is strongest in developing nations and the Asia-Pacific region.