ദലൈലാമയ്ക്ക് മോദിയുടെ ജന്മദിനാശംസ: പ്രതിഷേധിച്ച് ചൈന

ദലൈലാമ | Photo: UNI PHOTO
ദലൈലാമ | Photo: UNI PHOTO

ബെയ്ജിങ്: ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നവതി ആശംസിച്ചതിലും പിറന്നാളാഘോഷത്തിൽ ഇന്ത്യൻ നേതാക്കൾ പങ്കെടുത്തതിലും പ്രതിഷേധവുമായി ചൈന.

ഷിസാങ്ങുമായി (ടിബറ്റിനെ ചൈന വിളിക്കുന്നത്) ബന്ധപ്പെട്ട വിഷയങ്ങളിലെ തങ്ങളുടെ നിലപാടിനെ ഇന്ത്യ മാനിക്കണമെന്നും 14-ാം ദലൈലാമയുടെ വിഘടനവാദ നിലപാടുകൾ തിരിച്ചറിയണമെന്നും ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് ആവശ്യപ്പെട്ടു. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും നിങ് മുന്നറിയിപ്പ് നൽകി.

കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിങ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവരൊക്കെ ഞായറാഴ്ച ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടന്ന ദലൈലാമയുടെ നവതിയാഘോഷത്തിൽ പങ്കെടുത്തിരുന്നു.

ചൈനീസ് അധിനിേവശത്തിനെതിരേ 1959-ൽ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടപ്പോഴാണ് ഇപ്പോഴത്തെ ദലൈലാമ ഇന്ത്യയിൽ അഭയം തേടിയത്. പിന്നാലെ ആയിരക്കണക്കിന് ടിബറ്റുകാരും ഇന്ത്യയിലെത്തി. ഇന്ത്യയുടെ അനുമതിയോടെ ധരംശാലയിൽ പ്രവർത്തിക്കുന്ന ടിബറ്റൻസർക്കാരിനാണ് 1.4 ലക്ഷം ടിബറ്റൻ വംശജരുടെ നിയന്ത്രണം.

Content Highlights: China protests PM Modis greetings Dalai Lamas birthday